X

മന്ത്രിപദം: എന്‍.സി.പിയില്‍ വീണ്ടും അടി തുടങ്ങി

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍.സി.പിയില്‍ ഭിന്നത. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തയ്പ്പിച്ച മന്ത്രിക്കുപ്പായം പൊടിതട്ടിയെടുത്ത് തോമസ്ചാണ്ടി രംഗത്തിറങ്ങിയതാണ് ഭിന്നതക്ക് ഇടയാക്കിയത്. പാര്‍ട്ടിയില്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തോമസ് ചാണ്ടിയുടെ സ്ഥാനലബ്ധിക്ക് എതിരാണ്. അതേസമയം, രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള പാര്‍ട്ടിയില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയുമല്ലാതെ മറ്റാരെന്നതും എന്‍.സി.പി നേതൃത്വത്തെ വിഷമിപ്പിക്കുന്നു.

മന്ത്രിസ്ഥാനത്തിന് തോമസ്ചാണ്ടി അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഘടകകക്ഷികളായ എല്ലാവര്‍ക്കും മന്ത്രിസ്ഥാനമുള്ളപ്പോള്‍ തങ്ങള്‍ക്കും മന്ത്രിസ്ഥാനം വേണമെന്നാണ് എന്‍.സി.പിയിലെ ചാണ്ടി അനുകൂലികളുടെ നിലപാട്. ശശീന്ദ്രന്‍ രാജിവെച്ചത് കൊണ്ട് പാര്‍ട്ടിയുടെ അടുത്ത എം.എല്‍.എയായ തോമസ്ചാണ്ടിക്ക് അത് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ശശീന്ദ്രനെതിരെ ഏതെങ്കിലും അന്വേഷണം നടത്തുന്നെങ്കില്‍ അതുകഴിഞ്ഞ് പുതിയ മന്ത്രിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ശശീന്ദ്രന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അതുവരെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ മതിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാണ്. തോമസ് ചാണ്ടിയോട് നേരത്തെ തന്നെ താല്‍പര്യമില്ലാത്തെ പിണറായി, ചാണ്ടിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ സമ്മതം മൂളാന്‍ സാധ്യതയിയില്ല. എന്‍.സി.പിയാണ് മന്ത്രിയെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് പുതിയ മന്ത്രിയെ വേണ്ട എന്ന നിലപാട് തന്നെയാണ് സി.പി.എം നേതൃത്വത്തിനുമുള്ളത്. എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറുകയും ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറും. ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഘടകകക്ഷികള്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കിയാല്‍ മതി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കിയത്. മന്ത്രിസ്ഥാനം സംബന്ധിച്ച് ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചതാണ്.
രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം ശശീന്ദ്രനും ചാണ്ടിയും പങ്കിടാനുള്ള ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് ഇരുവരും വെടിനിര്‍ത്തിയത്. പിണറായി വിജയന് ചാണ്ടിയോടുള്ള താല്‍പര്യക്കുറവ് ആദ്യം മന്ത്രിയാകുന്നതില്‍ എ.കെ ശശീന്ദ്രന് തുണയായായി. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് ലഭിക്കുമെന്ന പ്രതീക്ഷ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പങ്ക് വെച്ചു. ശശീന്ദ്രനെതിരായ ആരോപണം ഗൂഢാലോചനയെന്നും എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണെന്നും അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിശുദ്ധി വരുത്തി ശശീന്ദ്രന്‍ തിരിച്ചുവരുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ തോമസ്ചാണ്ടി ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയും എന്‍.സി.പി നേതൃത്വത്തിനുമുണ്ട്. ഒരു മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കുവൈത്തിലുള്ള കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

chandrika: