X

കോവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെ; നിയമ നടപടിക്കൊരുങ്ങി കുടുംബം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിക്കാനിടയായത് ഓക്‌സിജന്‍ കിട്ടാതെയാണെന്ന ശബ്ദ സന്ദേശം പുറത്തുവന്നത്തോടെ സംഭവത്തില്‍ നടന്നത് ഗുരതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തുന്ന നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്നത്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തല്‍.

നഴ്സിങ് ഓഫീസറുടെ പേരിലുള്ള വെളിപ്പെടുത്തല്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്.

മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഹാരിസ് ജൂലൈ 20 നാണ് മരിച്ചത്. ഇയാളുടെ മരണം രോഗം മൂലമല്ലെന്നും വെന്റിലേറ്ററിന്റെ ട്യൂബ് ശരിയായ നിലയില്‍ ആയിരുന്നതിനാലാണെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. രോഗം കുറഞ്ഞ് വാര്‍ഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലെത്തിയ രോഗിയാണ് മരിച്ചതെന്നും ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാത്തത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്നും ട്യൂബിങ്ങ് ശരിയാകാതെയാണ് രോഗിയുടെ മരണമെന്നത് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ അറിയാമെന്നും ഇക്കാര്യം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളത്.

രോഗി മരിച്ചതെന്ന് ആരും അറിയാതിരുന്നതിനാല്‍ ഉത്തരവാദികള്‍ രക്ഷപെട്ടുവെന്നും ഇതുപോലെ സമാനസംഭവങ്ങള്‍ നടന്നുവെന്നുമാണ് നഴ്സിങ് ഓഫീസര്‍ ജലജാദേവിയുടെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. അതേസമയം, നഴ്‌സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് നഴ്‌സിങ് ഓഫിസറുടെ വിശദീകരണം.

നഴ്‌സിങ്ങ് ഓഫീസര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തി. ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റിയുയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടത്. ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവാണെന്ന്‌ ആരോപിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മരിച്ചയാളുടെ ബന്ധുക്കള്‍.

 

chandrika: