കോഴിക്കോട്: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കില്‍. ഹജ്ജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ് മന്ത്രിക്കെതിരായ പുതിയ തെളിവുകള്‍.
സ്ഥിരം തസ്തികയില്‍ വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്നതാണ് രീതി. എന്നാല്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ അതു പാലിക്കാതെ ഒരു വനിതയെ മന്ത്രിയുടെ താല്‍പര്യ പ്രകാരം നിയമിച്ചുവെന്നാണ് 2015-2018 കാലയളവില്‍ ഹജ്ജ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നത്. ഇതോടെ മന്ത്രി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
അതിനിടെ മന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുത്ത് ലീഗ് വ്യക്തമാക്കി. മന്ത്രിക്കെതിരെ കേസ് നല്‍കുമെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായാല്‍ മന്ത്രിക്ക് രാജിവെക്കേണ്ടി വരും. നിലവില്‍ പ്രതിസന്ധിയില്‍ തുടരുന്ന സര്‍ക്കാറിന് ഇത് കനത്ത തിരിച്ചടിയാകും.