കണ്ണൂര്‍:രാഷ്ട്രീയത്തില്‍ കരുത്ത് പകര്‍ന്ന ഗുരുവിന്റെ ഓര്‍മ്മയുടെ ചാരത്ത് മന്ത്രി കെ.ടി ജലീലുമെത്തി. ഇ.അഹമ്മദിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലേക്ക് ഇന്നലെ രാവിലെയാണ് മന്ത്രി എത്തിയത്. രാഷ്ട്രീയം എന്തെന്ന് പഠിപ്പിച്ച അഹമ്മദിന്റെ സ്മരണകള്‍ ഇരമ്പുന്ന ‘സിതാര’യില്‍ എം.എസ്.എഫിന്റെയും മുസ്‌ലിം യൂത്ത്‌ലീഗിന്റെയും നേതൃ കാലഘട്ടത്തിലെ ഓര്‍മ്മകളുമായിട്ടായിരുന്നു ആ പഴയ ശിഷ്യന്റെ വരവ്. മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ നേതാവിന്റെ വസതിയിലെത്തിയ ജലീലിനെ അഹമ്മദിന്റെ മക്കളായ റഹീസ് അഹമ്മദും നസീര്‍ അഹമ്മദും സ്വീകരിച്ചു.
ഓഫീസ് മുറിയിലെ ചുവരുകളില്‍ തൂക്കിയിട്ട അഹമ്മദിന്റെ ചിത്രങ്ങള്‍ നോക്കി കണ്ട്, പഴയ ഓര്‍മ്മകളും പങ്ക്‌വെച്ച് കാല്‍മണിക്കൂറോളമാണ് മന്ത്രി സിതാരയില്‍ ചെലവഴിച്ചത്.
സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അവസരത്തില്‍ അഹമ്മദ് അഭിനന്ദിച്ച കാര്യവും ജലീല്‍ പങ്ക്‌വെച്ചു. പാര്‍ട്ടി മാറിയിട്ടും അഹമ്മദ് സാഹിബുമായുള്ള സൗഹൃദത്തിന് കോട്ടം തട്ടിയിരുന്നില്ല. സംസാരത്തിനിടയില്‍ രാം മനോഹര്‍ ലോഹ്യ ആസ്പത്രി അധികൃതര്‍ അഹമ്മദിനോട് കാണിച്ച അനാദരവും ചര്‍ച്ചയായി.
മുന്‍ എം.എല്‍.എയും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എ ഖാദര്‍, എം.എല്‍.എമാരായ പി.ടി.എ റഹീം, ജയിംസ് മാത്യു. സമസ്ത നേതാവ് മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, അഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ റാഫി, ഷഫീഖ് എന്നിവരും വീട്ടിലുണ്ടായിരുന്നു. സിറ്റി ജുമുഅത്ത് പള്ളിക്കരികിലെ ഖബറും സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയാണ് മന്ത്രി മടങ്ങിയത്. രാഷ്ട്രീയ കക്ഷി നേതാക്കളും മത-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെയും നിരവധി പേര്‍ ഇന്നലെയും സിത്താരയിലെത്തി. ദൂരദിക്കുകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പെടെ സാധാരണക്കാരായ ഒട്ടേറെ പേരും പ്രിയ നേതാവിന്റെ ഓര്‍മ്മ തണലിലെത്തി.