ന്യൂഡല്‍ഹി: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. ‘സ്വഛതാ ഹീ സേവാ’ പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ നാടകം അറങ്ങേറിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവാ’ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റ് പരിസരം വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ പ്രദേശത്ത് മാലിന്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാതെ മന്ത്രി കുഴയുകയായിരുന്നുവെന്ന് പിടിഐയെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വളണ്ടിയര്‍മാരും മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ മന്ത്രിക്ക് വേണ്ടി മാലിന്യങ്ങള്‍ സംഘടിപ്പിച്ചു. ഒഴിഞ്ഞ വെളളക്കുപ്പികളും പാന്‍മസാലയുടെ പാക്കറ്റുകളും ഐസ്‌ക്രീം കപ്പുകളും എന്നുവേണ്ട കിട്ടാവുന്ന മാലിന്യങ്ങളൊക്കെ മന്ത്രിക്ക് മുമ്പിലെത്തി. ഉടന്‍ തന്നെ മന്ത്രി മാലിന്യങ്ങള്‍ ഓരോന്നായി വൃത്തിയാക്കാന്‍ തുടങ്ങുകയായിരുന്നു. പലര്‍ക്കും മന്ത്രിയാണെന്ന് മനസ്സിലാകാത്ത അവസ്ഥയുണ്ടായി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 15 ടൂറിസം മേഖലയില്‍ ഒന്നാണ് ഇന്ത്യ ഗേറ്റ്.
കഴിഞ്ഞ ദിവസം പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വണ്ടിയുള്ളവരെല്ലാം പണക്കാരാണെന്നും അവരില്‍ നിന്നു പണം പിരിച്ചു വേണം പാവപ്പെട്ടവരെ സഹായിക്കാനെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. ”രാജ്യത്തെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപയുടെ ആവശ്യമുണ്ട്. പെട്രോളിയം വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്”, എന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.