കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടെങ്കിലും മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അവര്‍ വ്യക്തമാക്കി. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
അതേസമയം, മഹിജക്ക് പരാതിയില്ലെന്നും പരാതി മറ്റുള്ളവര്‍ക്കാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ പുറത്തുനിന്നുള്ളവരാണെന്ന് വ്യക്തമാക്കാനും മന്ത്രി ശ്രമിച്ചു. പരാതി പറയാന്‍ വേണ്ടി മാത്രമാണ് അവിടേക്ക് എത്തിയതെന്ന് മഹിജ വ്യക്തമാക്കിയതായി കടനപ്പള്ളി പറഞ്ഞു. തോക്കു സ്വാമിയും ഷാജഹാനും അവര്‍ക്കൊപ്പം ഉള്ളവരെല്ലെന്ന് മഹിജ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.