X

മന്ത്രി ജലീലിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കുക പോലും ചെയ്യാതെ ക്ലീന്‍ ചിറ്റ് നല്‍കി

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും പരിശോധിക്കാന്‍ തയാറാകാതെ ക്ലീന്‍ ചിറ്റ് നല്‍കി കേരള സര്‍വകലാശാല വിസി. ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് അന്വേഷണം പോലും നടത്താതെ ചട്ടപ്രകാരമാണെന്ന് വിസി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. നേരത്തെ പ്രബന്ധം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്ന് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നില്ല.

മന്ത്രിയുടെ പ്രബന്ധത്തില്‍ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധവിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുവാന്‍ വിസി തയാറായില്ലെന്നാണ് ആക്ഷേപം.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരളസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം 2006ല്‍ സ്വന്തമാക്കിയത്. പ്രബന്ധത്തില്‍ തെറ്റുകളുണ്ടെങ്കില്‍ പൂര്‍ണമായും തിരുത്തിയതിനുശേഷം മാത്രമേ സര്‍വകലാശാല ബിരുദം നല്‍കുവാന്‍ പാടുള്ളൂ. ഈ പ്രബന്ധങ്ങള്‍ പില്‍ക്കാലത്ത് ഗവേഷണവിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സര്‍വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്.

web desk 1: