വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പ്രസ്താവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും വാസ്തവ വിരുദ്ധവുമാണ്. മുസ്‌ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗുമായും ആ പാര്‍ട്ടി പതാകയുമായും കുര്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ താരതമ്യം ചെയ്തത് പാര്‍ട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂര്‍വം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.
1948 മാര്‍ച്ചില്‍ മദ്രാസില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.
കേരളത്തിന്റെ സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ഏറെ ആദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഇടയില്‍ ശത്രുതാപരമായ ബന്ധം വളര്‍ത്തിയതിന് തങ്ങള്‍ ഉത്തരവാദിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കെട്ടിച്ചമച്ചതാണ്. കേരള സമൂഹത്തില്‍ ചരിത്രപരമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായാണ് ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.