തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തില്‍ മന്ത്രി ഇ പി ജയരാജന്റെ മകന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ ജയ്സണ്‍ ജയരാജന്‍ തിരുവനന്തപുരം സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷില്‍ നിന്നും ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയിരുന്നതായി കോണ്‍ഗ്രസും ബിജെപിയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി കെ.ടി ജലീലിനേയും, ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മന്ത്രി കെ.ടി ജലീലിനെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ജയ്സണ്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ജയ്സണ് ഇ.ഡി ഉടന്‍ നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റൊരു മന്ത്രി ആരെന്ന് തനിക്ക് അറിയാമെങ്കിലും തല്‍ക്കാലം പറയുന്നില്ലെന്നും അത് മാധ്യമങ്ങള്‍ തന്നെ തന്നെ പുറത്തുകൊണ്ടുവരട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നല്‍കാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷന്‍ വാങ്ങിയത് ആരാണെന്ന് പുറത്ത് വരണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതിനിടെ, തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജയിലധികൃതര്‍ എന്‍ഐഎ കോടതിക്ക് കൈമാറി. സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ എന്‍ഐഎ ചാദ്യം ചെയ്ത് തുടങ്ങി.