തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയമാറ്റം മുന്നോട്ടുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു. രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെയാക്കിയും അധ്യാപകര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശം മുന്നോട്ടുവെച്ചുമാണ് മന്ത്രി പുതിയ പദ്ധതി അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ കരിക്കുലവും സിലബസും വരുമ്പോള്‍ അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അധ്യാപകരെ ഉള്‍ക്കൊണ്ടുതന്നെ കോഴ്‌സ് കോമ്പിനേഷന്‍ രൂപപ്പെടുത്താനാകും. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പോകാന്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് വേണമെന്നതിനാല്‍ കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്‌സുകള്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.