വിദ്യാര്‍ത്ഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീര്‍ത്തും അപഹാസ്യമാണെന്ന് എം എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞു തിരഞ്ഞെടുപ്പ് വേളകളില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചവര്‍ക്ക്, ഇന്ന് അവര്‍ നല്‍കുന്ന നാണയ തുട്ട് പോലും നാണക്കേട് ആണത്രേ… വിദ്യാര്‍ത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം എം എസ് എഫ് സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് വിവാദമായ പ്രസ്താവന ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയത്. രണ്ട് രൂപ കണ്‍സഷന്‍ ആയി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് മന്ത്രി പറഞ്ഞു. അഞ്ചു രൂപ കൊടുത്താല്‍ വിദ്യാര്‍ഥികള്‍ പണം തിരിച്ചുവാങ്ങാറില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കണ്‍സഷന്‍ തുക 6 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബസ്ചാര്‍ജ് വര്‍ധിപ്പിക്കുമെന്നും മന്ത്രി ആന്റണി രാജി വ്യക്തമാക്കിയിരുന്നു.