ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗളൂരുവിലെ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം.
അനന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം ബി.ജെ.പി ഓഫീസിലും പിന്നീട് നാഷണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു വെക്കും. കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു അനന്ത്കുമാര്‍. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.
വിദേശരാജ്യങ്ങളായ ലണ്ടനിലും ന്യൂയോര്‍ക്കിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. തുടര്‍ന്നായിരുന്നു ബംഗളൂരുവില്‍ എത്തിയത്. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1959 ജൂലായ് 22ന് ബംഗളൂരുവിലാണ് ജനിച്ചത്. ഹൂബ്ലി കെ.എസ്. ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.