ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ക്കെതിരെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. പാര്‍ട്ടിയില്‍ വായ അടപ്പിക്കേണ്ട ചില നേതാക്കളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിപബ്ലിക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബോളിവുഡ് ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ബോംബെ ടു ഗോവ’യിലെ ഒരു രംഗമുണ്ട്. ‘ആ ചിത്രത്തില്‍ ആക്രാന്തമുളള ഒരു പയ്യനുണ്ട്. ആ പയ്യന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിക്കാനായി രക്ഷിതാക്കള്‍ അവന്റെ വായില്‍ തുണി തിരുകി വെക്കുന്ന ഒരു രംഗമുണ്ട്. നമ്മുടെ പാര്‍ട്ടിയിലെ ചില നേതാക്കളുടെ വായില്‍ അത്തരം തുണി തിരുകണം,’ നിതിന്‍ ഗഡ്കരി പറഞ്ഞു.
ഹനുമാന്റെ ജാതിയും രാഹുലിന്റെ ഗോത്രവും പറഞ്ഞവര്‍ക്ക് ഇത് ബാധകമായിരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗഡ്കരിയോട് ചോദിച്ചു. എന്നാല്‍ താന്‍ തമാശ പറഞ്ഞതാണെന്നായിരുന്നു’ മന്ത്രി മറുപടി പറഞ്ഞത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഒതുക്കമുളളവരാകണമെന്നായിരുന്നു പിന്നീട് അദ്ദേഹം പറഞ്ഞത്.
നേരത്തേ, ഹനുമാന്‍ ദളിതനാണെന്ന് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ ഗോത്രത്തില്‍ പെട്ടയാളാണെന്നായിരുന്നു ബി.ജെ.പി നേതാവ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞത്.