തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം ഇന്നലെ അംഗീകരിച്ചതാണ്. എന്നിട്ടു സമരവുമായി മുന്നോട്ട് പോവുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. പണിമുടക്കുന്നതു ജനങ്ങളുടെ ജീവന്‍ വച്ചാണ്. സമരത്തിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് സംശയമുണ്ട്. സാഹചര്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പെന്‍ഷന്‍പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ശക്തമായി തുടരുകയാണ്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.
സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരെ പി.ജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.
സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച വികല നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണെന്നും ശക്തമായ പ്രതിഷേധത്തിന്റെ നാള്‍വഴികള്‍ സര്‍ക്കാരും ആരോഗ്യമന്ത്രിയും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യൂണിയന്‍ വ്യക്തമാക്കി.
ജൂനിയര്‍ ഡോക്ടരാമാര്‍ നടത്തുന്ന സമരത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കോളജ് യൂണിയന്‍ ഭരിക്കുന്ന ഇന്റിപെന്റന്‍സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിലേക്ക് കെഎംപിജിഎ കെഎച്ച്എസ്എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.