ചണ്ഡീഗഡ്: അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മേവാത്, തവാഡു ഡിവൈ.എസ്.പി സുരേന്ദ്ര സിങ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച സിങിന്റെ ദേഹത്തേക്ക് മാഫിയാ സംഘം ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ആരവല്ലി പര്‍വതനിരയ്ക്ക് സമീപമുള്ള പച്ചഗാവില്‍ അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇത് തടയാനായാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസുകാരെ കണ്ടതോടെ ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ തുടങ്ങി. ഇതിനിടെ ലോഡുമായി വന്ന ട്രക്ക് നിര്‍ത്താന്‍ സിങ് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനം ദേഹത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ചാടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.