കോഴിക്കോട്: സര്‍ക്കാര്‍ അദാനിക്ക് തീറെഴുതി നല്‍കിയത് മാമല നിരയുടെ നീണ്ട പട്ടിക. പത്തനംതിട്ട കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കുടപ്പാറ, കോട്ടപ്പാറ, രാക്ഷസന്‍ പാറ, കള്ളിപ്പാറ തുടങ്ങിയ മലനിരകളാണ് അദാനിക്ക് എഴുതി കൊടുത്തത്. സര്‍ക്കാര്‍ പുറമ്പോക്കിലുള്ള മലകളാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ഖനനാനുമതി. പഞ്ചായത്ത് അംഗങ്ങള്‍ പോലും അറിയാതെയാണ് ഒരു മാസത്തിനു മുമ്പ് പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്. ലൈസന്‍സ് ഫീസായി 75,000 രൂപയും തൊഴില്‍ നികുതിയായ 12,500 രൂപയും അടച്ചാണ് 2023 മുതല്‍ 2027വരെ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയത്.
കോട്ടപ്പാറയിലെ 20 എക്കറില്‍ 250 അടി ആഴത്തില്‍ പാതാള ഖനനം നടത്തും .30 ലക്ഷം ടണ്‍ മല പൊട്ടിച്ച് 13 ലക്ഷം ടണ്‍ പാറ വിഴിഞ്ഞത്തെത്തിക്കാനാണ് അദാനിയുടെ പദ്ധതി. അപ്പോഴേക്കും കലഞ്ഞൂര്‍ നാട് ഓര്‍മ്മയാകും.