X

സ്വകാര്യ വിമാനം തകര്‍ന്ന് മിനാ ബസറാനും ഏഴ് പെണ്‍ സുഹൃത്തുക്കളും മരിച്ചു

തെഹ്‌റാന്‍: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ്‍ സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന്‍ ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്.

തുര്‍ക്കിയിലെ വനിതാ മോഡലും പ്രതിശ്രുത വധുകൂടുയായ 28കാരിയായ മിന വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടിയൊരുക്കുന്നതിന് ദുബൈയിലെത്തിയതായിരുന്നു. തിരിച്ച് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് മടങ്ങും വഴി ഇവര്‍ സഞ്ചരിച്ചിരുന്നു വിമാനം ഇറാനിലെ ഷഹര്‍ ഇ കോര്‍ദക്ക് സമീപം സഗ്രോസ് മലനിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബസറാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകര്‍ന്നത്.

മെറ്റ്പ്രിന്റ് ശൃംഖലുടെ ഉടമസ്ഥനായ മുറാദ് ഗസെറുമായുള്ള വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് ദുരന്തം. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരടക്കം മൂന്ന് ജീവനക്കാരും പെടും. ഇവരും വനിതകളാണ്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് തുര്‍ക്കിയും ഇറാനും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മിനായുടെ കുടുംബമായ ബസറാന്റെ ഉടമസ്ഥതയിലുള്ള ബസറാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങിന് ലോകവ്യാപകമായി വ്യവസായ ശൃംഖലകളുണ്ട്. 1930കള്‍ മുതല്‍ തുര്‍ക്കിയിലെ പ്രമുഖ വ്യവാസ കുടുംബവുമാണ് ഇത്. ട്രാബ്‌സോണ്‍സ്‌പോര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാനാണ് മിനായുടെ പിതാവ് ഹുസൈന്‍ ബസറാന്‍.


ഇന്‍സ്റ്റഗ്രാമിലെ താരം കൂടിയായിരുന്ന മിന ബസറാന്‍, ബസറാന്‍ ഗ്രൂപ്പിന്റെ ഭാവി ഉടമയായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 60,000 ഫോളോവര്‍മാരുള്ള മിന യു.എ.ഇ പര്യടന ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ദുബൈ ബാച്ചിലര്‍ പാര്‍ട്ടിക്കിടയിലെടുത്ത ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്. ബാത്ത് ഗൗണും സണ്‍ ഗ്ലാസും ധരിച്ച് സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണത്.

ദുബൈയില്‍ നിന്നും മടങ്ങവെ കൈയില്‍ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന ചിത്രമാണ് മിന ബസറാന്‍ അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോ. മിനുട്ടുകള്‍ക്കകം ഏഴായിരത്തോളം പേര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരുന്നു.

മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ മൃതദേഹങ്ങള്‍ മലനിരകളില്‍നിന്ന് എടുക്കുമെന്ന് തുര്‍ക്കി റെഡ് ക്രസന്റ് മേധാവി അറിയിച്ചു.

chandrika: