ചെന്നൈ: ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്. അതേസമയം നീറ്റ് ഫലവുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ നീക്കം തുടങ്ങി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള എം.പിമാര്‍ക്ക് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.
അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും പകരം സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്നും രണ്ടു വര്‍ഷമായി തമിഴ്‌നാട് സര്‍ക്കാറും വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാല്‍ കേന്ദ്രം ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഡി.എം.കെ ഒരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിനു ശേഷം പൊതു വിഷയത്തിലുള്ള ഡി.എം.കെയുടെ ആദ്യ ഇടപെടലായി ഇതോടെ നീറ്റ് മാറും. പാര്‍ലമെന്റില്‍ ഡി.എം.കെ നിലപാടിനെ പിന്തുണക്കാന്‍ ഇടതുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
18കാരി മോനിഷയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വില്ലുപുരം സ്വദേശിനിയും മത്സ്യത്തൊഴിലാളി കുടുംബാംഗവുമായ മോനിഷ ഇത് രണ്ടാം തവണയാണ് നീറ്റ് കടക്കാതെ പുറത്താവുന്നത്. ഇതേതുടര്‍ന്നുള്ള നിരാശയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. വീട്ടിനുള്ളില്‍ മോനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച തിരുപ്പൂരിലും പട്ടുക്കോട്ടൈയിലും രണ്ട് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയിരുന്നു. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയും കഴിഞ്ഞ ദിവസം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.
ബുധനാഴ്ചയാണ് ഈ വര്‍ഷത്തെ നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ നളിന്‍ കന്ദേവാല്‍ ആണ് 720ല്‍ 701 മാര്‍ക്ക് നേടിയ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തെലുങ്കാനയില്‍നിന്നുള്ള മാധുരി ജി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാമതെത്തി. ആദ്യ ആറു റാങ്കുകളും ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയപ്പോള്‍ 695 മാര്‍ക്കു നേടിയ മാധുരിക്ക് ആള്‍ ഇന്ത്യാ റാങ്കില്‍ ഏഴാം സ്ഥാനമാണ്.
- 5 years ago
chandrika
Categories:
Culture