കൊച്ചി: പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മയുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വരള്‍ച്ചയെ തുടര്‍ന്ന് ആഭ്യന്തര പാലുല്‍പാദനം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് വില വര്‍ധനയെക്കുറിച്ച് ആലോചിച്ചതെന്ന് മില്‍മ വൃത്തങ്ങള്‍ പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന് വില വര്‍ധിച്ചതും പ്രതിസന്ധിക്കു കാരണമായതായി മില്‍മ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ലക്ഷം ലിറ്ററിന്റെ പാലിലാണ് കുറവ് വന്നത്. ഇതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
നിലവില്‍ മില്‍മ മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മില്‍മ വൃത്തങ്ങള്‍ പറഞ്ഞു. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ പാല്‍ വില ലിറ്ററിന് 38,40,42 രൂപയായി ഉയരും. മില്‍മയുടെ മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്കും ഇതിനോടനുബന്ധമായി വില ഉയര്‍ന്നേക്കുമെന്നാണ് സൂചന.