ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആധാര്‍ പദ്ധതി ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ സിംഗ്. ആധാറിലെ വിരലടയാളവുമായി യോജിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്നാണ് ലോക്‌സഭയില്‍ സുശീല്‍ കുമാര്‍ പറഞ്ഞത്. ലോക്‌സഭയിലെ ശൂന്യവേളയില്‍ ഈ വിഷയം അവതരിപ്പിക്കവെയായിരുന്നു ആധാര്‍ പദ്ധതിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പ്രായമായവര്‍ക്ക് അവരുടെ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് എംപി ചൂണ്ടിക്കാട്ടിയത്. ഭിന്നശേഷിയുള്ളവരെയും പ്രായമായവരെയും പദ്ധതി തിരിഞ്ഞുകുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘തന്റെ അമ്മയ്ക്ക് മൊബൈല്‍ സിം കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ വിരലടയാളം യോജിക്കുന്നില്ലെന്ന് പറഞ്ഞ് തടയപ്പെട്ടു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് സിം എടുത്തത്. അപ്പോള്‍ സാധാരണക്കാരായവരുടെ ക്ഷേമപെന്‍ഷനുകള്‍ എത്രത്തോളം തടസ്സപ്പെടുന്നുണ്ടെന്ന് ഓര്‍ത്തുനോക്കൂ’, അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ ഔറംഗാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഇദ്ദേഹം.