സന്‍ആ: യമനില്‍ ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയില്‍ സഊദിയും യു.എ.ഇയും ആക്രമണം തുടങ്ങി. നഗരത്തില്‍നിന്ന് പിന്മാറാനുള്ള അന്ത്യശാസനം വിമതര്‍ തള്ളിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബോംബു വര്‍ഷം ആരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി അറബ് സഖ്യസേനയുടെ പോര്‍വിമാനങ്ങള്‍ നഗരത്തിലെ വിമത കേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിച്ചു. യുദ്ധക്കപ്പലുകളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇറാന്റെ അജണ്ടകള്‍ നടപ്പാക്കുന്ന വിമതരില്‍നിന്ന് യമനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഹുദൈദയുടെ മോചനം വഴിത്തിരിവാകുമെന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ വിപ്രവാസ ഭരണകൂടം അഭിപ്രായപ്പെട്ടു.
ഇറാനില്‍നിന്ന് ഹൂഥികള്‍ ആയുധങ്ങള്‍ എത്തിക്കുന്നത് ഹുദൈദ വഴിയാണെന്ന് സഊദി സഖ്യസേന ആരോപിക്കുന്നു. ഇറാനും വിമതരും ഇത് നിഷേധിച്ചിട്ടുണ്ട്. ആറു ലക്ഷത്തോളം ജനങ്ങളുടെ ഹുദൈദ നഗരം ആക്രമിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറമുഖം വഴി ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം നിലക്കുന്നതോടെ രണ്ടര ലക്ഷത്തോളം പേരുടെ ജീവിതം പൂര്‍ണമായും വഴിമുട്ടുമെന്ന് യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ലിസെ ഗ്രാന്‍ഡേ പറഞ്ഞു. ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ 80 ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തന്നെ പട്ടിണിയുടെ പിടിയിലാണ്. ഹുദൈദയില്‍ ആക്രമണം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് യു.എന്‍ ഏജന്‍സികള്‍ പറയുന്നു. 2015 മാര്‍ച്ചിലാണ് സഊദി സഖ്യസേന യമനില്‍ ഇടപെട്ടു തുടങ്ങിയത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 6,385 പേര്‍ സാധാരണക്കാരാണ്.