പി.എം.കെ കാഞ്ഞിയൂര്‍
പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന്റെ തീരുമാനം അത്യന്തം അപകടകരമാണ് എന്ന വസ്തുത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. വീര്യം കുറഞ്ഞമദ്യം എന്ന് വിശേഷിപ്പിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ അതിനെ ആരും അത്ര അപകടകരമായി കരുതുകയില്ല. അത്‌കൊണ്ടുതന്നെ സമൂഹത്തില്‍ മദ്യത്തെ അപേക്ഷിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായിത്തീരും.
വീര്യം കുറഞ്ഞ മദ്യം, മദ്യശാലകളില്‍ കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റു പൊതു ഇടങ്ങളിലും വില്‍പ്പന നടത്താനും ശീതളപാനീയങ്ങള്‍ പോലെ പരസ്യമായി ഉപയോഗിക്കാനും ഉള്ള സാഹചര്യങ്ങളും സംസ്‌കാരങ്ങളും നിലവില്‍ വരാന്‍ ഇത് കാരണമിയിത്തീരുന്നു. തന്നെയുമല്ല അവയുടെ മറവില്‍ വീര്യം കൂടിയ മദ്യവും മദ്യപാനവും അനുബന്ധ ലഹരി വസ്തുക്കളുടെ ഉപയോഗവും സര്‍വ സാധാരണയായി തീരും. മദ്യത്തോടും മദ്യപാനികളോടും ഇന്ന് സമൂഹം വെച്ചുപുലര്‍ത്തുന്ന നിന്ദ്യതയും വെറുപ്പും ഇല്ലാതാകും. അതോടെ ദൈവത്തിന്റെ സ്വന്തം നാടിന് പകരം നമ്മുടെ നാട് ചെകുത്താന്‍മാരുടെ നാടായി മാറും. അത്തരം വസ്തുതാപരമായ സാഹചര്യങ്ങളെ മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം വീര്യം കുറഞ്ഞ മദ്യത്തെ എതിര്‍ക്കപെടേണ്ടത്. മദ്യശാലകള്‍ക്ക് പുറമെ, വീര്യം കൂടിയ മദ്യവും മറ്റു എല്ലാ ലഹരി വസ്തുക്കളും രഹസ്യ സ്വഭാവത്തിലാണല്ലോ വില്‍പ്പനയും ഉപയോഗങ്ങളും നടന്നു വരുന്നത്. അത്‌കൊണ്ട് തന്നെ ഒരുപരിധിവരെ അവ നിയന്ത്രണ വിധേയവുമാണ്.
വീര്യം കുറഞ്ഞ മദ്യം നിയമവിധേയവും, പഴവര്‍ഗങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശുദ്ധമായ, പ്രകൃതിദത്തമായ തനിനാടന്‍ സാധനം എന്നൊക്കെ വിശേഷിപ്പിച്ച് പൊതു വിപണിയില്‍ ഇറക്കിയാല്‍ അതിന്റെ സ്വീകാര്യതയുടെ വ്യപ്തി എത്രമാത്രംഉണ്ടാകും! ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അതിനിടയില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാമ്പയിന്‍ എങ്ങനെ വിജയിപ്പിക്കാന്‍ സാധിക്കും. അത്‌കൊണ്ടാണ് പറയുന്നത് വീര്യം കൂടിയ മദ്യത്തേക്കാള്‍ പതിന്മടങ്ങ് ജനദ്രോഹകരമായിത്തീരും വീര്യം കുറഞ്ഞ മദ്യം എന്ന്. ഈ വസ്തുത അറിയാതെയാണ് സര്‍ക്കാര്‍ ഇതിന് തുനിയുന്നത് എന്ന് കരുതുകവയ്യ. മയക്കുമരുന്നു പുകയില ലഹരികെതിരെ പ്രത്യേക കാമ്പയിന്‍ തുടങ്ങിവെച്ച ശേഷം ഉടനെതന്നെ വീര്യം കുറഞ്ഞ മദ്യം വിപണിയില്‍ എത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്, മദ്യേതര ലഹരി ഉപയോഗിക്കുന്നവരെ കൂടി മദ്യപാനികളാക്കി മാറ്റുകയും യുവാക്കള്‍ സ്ത്രീകള്‍ കുട്ടികള്‍ എന്നിവരെ മദ്യപാനത്തിലേക്ക് കൂടുതല്‍ ആകര്‍ഷണ സര്‍ക്കാര്‍ കരുതുന്നുണ്ടാകാം!. മദ്യം ആഹാരത്തിന്റെ ഭാഗമാക്കണം, മദ്യത്തിന്റെ വിതരണം സുതാര്യമാക്കണം, മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് ഭരണചക്രം തിരിക്കുന്നത് എന്നൊക്കെ പറയുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
മഹാ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും എന്തുതന്നെ ആയിരുന്നാലും പൊതുജനം വിധേയരായി അതല്ലാം അഗീകരിക്കും എന്നതിന്റെ വെക്തമായ തെളിവാണ് അട്ടിമറിക്കപ്പെട്ട മദ്യനയവും അനുബന്ധ തീരുമാനങ്ങളും. സര്‍ക്കാരിന് എന്തും പറയാം എന്തും പ്രവര്‍ത്തിക്കാം, പ്രതിപക്ഷത്തിന്റെ ചടങ്ങിന് വേണ്ടിയുള്ള എതിപ്പുകള്‍ക്കപ്പുറം ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ല, ഉണ്ടെങ്കില്‍ തന്നെ അവരൊന്നും വിഷയമേ അല്ല എന്നുള്ള തികഞ്ഞ ധാര്‍ഷ്ട്യം നിലനിര്‍ത്താന്‍ കഴിയുന്ന കാലത്തോളം സര്‍ക്കാരിന് കേരളത്തെ മദ്യലഹരിയുടെ ഉല്‍സവ പറമ്പാക്കിമാറ്റാന്‍ സാധിക്കും എന്നതില്‍ സംശയമില്ല.
ഇടത് യുവജന സംഘടനകള്‍ മദ്യലഹരിക്കെതിരാണ് എന്നല്ലാം പറയാറുണ്ട്. സംസ്ഥാനത്തെ എല്ലാ യുവജന പ്രസ്ഥാനങ്ങളും ഏറെക്കുറെ മദ്യലഹരിക്ക് എതിരാണ് എന്നാണ് പൊതുവായ ധാരണ. വീര്യം കുറഞ്ഞ മദ്യം വിപണിയില്‍ ഇറങ്ങിയാല്‍ അത് എത്രമാത്രം യുവതയെ സ്വാധീനിക്കും, യുവതി യുവാക്കളും മറ്റും അതിനടിമകളായിതീരും എന്ന ഗുരുതരമായ യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍ യുവജന സംഘടന മേധാവികള്‍ക്ക് മുന്‍കൂട്ടി സാധിക്കുന്നില്ല എന്നാണൊ മനസ്സിലാക്കേണ്ടത് ? അല്ലെങ്കില്‍ പിന്നെ അവരല്ലാം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്. സംസ്ഥാനത്തെ മദ്യ,ലഹരി വ്യാപനത്തില്‍ ഉത്കണ്ഠയുള്ള എല്ലാ സംഘടന പ്രസ്ഥാനങ്ങളും ആത്മാര്‍ത്ഥമായി ഒരുമിച്ച്‌കൊണ്ട് മദ്യ ലഹരി മഹാ വിപത്തിനെതിരെ നിലപാട് എടുത്ത് പ്രവര്‍ത്തികേണ്ട സുപ്രധാന അവസരമാണ് മുന്നിലുള്ളത് എന്ന് വിനയപൂര്‍വ്വും ഉണര്‍ത്തുകയാണ്.