X

റഷ്യയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും നീക്കം വന്‍ അപകടത്തിലേക്കെന്ന് ഗോര്‍ബച്ചേവ്

റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പിരിമുറുക്കം വന്‍ അപകടത്തിലേക്കെന്ന മുന്നറയിപ്പുമായി മുന്‍ സോവിയറ്റ് യൂണിയന്‍ ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. ബിബിസിയുടെ സ്റ്റീവ് റോസെന്‍ബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അവസാന സോവിയറ്റ് യൂണിയന്‍ നേതാവിന്റെ മുന്നറിയിപ്പ്.

റഷ്യയും പടിഞ്ഞാറും തമ്മിലുള്ള നിലവിലെ പിരിമുറുക്കം ലോകത്തെ ‘വലിയ അപകടത്തില്‍’ എത്തിക്കുന്നുണ്ടെന്നും ആണവായുധങ്ങളില്‍ നിന്നുള്ള ഭീഷണി കാരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങള്‍ നശിപ്പിക്കുമെന്ന് എല്ലാ രാജ്യങ്ങളും സ്വയം തീരുമാനമെടുക്കണമെന്നും ഗോര്‍ബചേവ് ആവശ്യപ്പെട്ടു. ഇത് ലോകത്തേയും നമ്മളെതന്നെയും രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഒരു ആഗോള നിയമമുണ്ടെന്ന് എല്ലാവരും മറക്കുകയാണെന്നും. ഓരോ നേതൃത്വവും സൈന്യത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഗോര്‍ബച്ചേവ് കുറ്റപ്പെടുത്തി. ലോക രാഷ്ട്രീയത്തെ സൈനികവല്‍ക്കരിക്കാനാണ് എല്ലാവരും ഒരുങ്ങുന്നത്. ലോകത്തിലെ ചെറുരാജ്യങ്ങള്‍ പോലും സൈനിക സ്വാധീനമുള്ള ഭരണരീതികളിലേക്ക് പോവുകയാണ്. എല്ലാവരും ആണവ ആയുധങ്ങള്‍ ഉണ്ടാക്കുന്നതിലേക്കാണ് ചര്‍ച്ച കൊണ്ടുപോകുന്നത്,ഗോര്‍ബച്ചേവ് കൂട്ടിച്ചേര്‍ത്തു.

റഷ്യയും അമേരിക്കയും തമ്മില്‍ നടന്നിരുന്ന അധികാര കിടമത്സരങ്ങള്‍ക്കിടെ 1980കളില്‍ ഗോര്‍ബച്ചേവ് നടത്തിയ ഭരണപരിഷ്‌ക്കാരം ചരിത്രമാണ്. യുദ്ധ കൊതിയുടെ അന്ത്യംകുറിക്കുന്ന തീരുമാനങ്ങളാണ് 1987ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനുമായി ഗോര്‍ബച്ചേവ് ആണവ നിര്‍വ്യാപനത്തിനായുള്ള കരാറിലൂടെ കൊണ്ടുവന്നത്. എന്നാല്‍ പിന്നീട്, റഷ്യയും അമേരിക്കയും ആയുധ വില്‍പനകളിലേക്ക് തന്നെ കടക്കുകയാണുണ്ടായത്.

യൂണിയന്‍ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഒരു വന്‍ രാഷ്ട്ര സമൂഹത്തെ ചരിത്രത്തിന്റെ ഭാഗമാക്കിമാറ്റിയതിലൂടെ ചരിത്ര പുരുഷനായിത്തീര്‍ന്ന ഗോര്‍ബച്ചേവ് എന്ന മിഖായേല്‍ സര്‍ഗയേവിച്ച് ഗോര്‍ബച്ചേവിനെ ഇന്നും ന്യായീകരിയ്ക്കുന്നവരും എതിര്‍ക്കുന്നവരും റഷ്യയിലുണ്ട്. 

chandrika: