X

മൈക്കും മുഖ്യമന്ത്രിയും വീണ്ടും…! പരിപാടിക്കിടെ ഇളകിവീണു, തടസങ്ങളാണല്ലോയെന്ന് മുഖ്യമന്ത്രി

തലയോലപറമ്പിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങുമ്പോൾ മൈക്ക് ഇളകി വീണു. സംസാരിക്കാനായി മൈക്ക് അടുപ്പിച്ചപ്പോഴാണ് സംഭവം. തുടർന്ന് മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങി. മൈക്ക് ഉറപ്പിച്ച് പ്രസം​ഗം തുടങ്ങിയെങ്കിലും വീണ്ടും മൈക്ക് പ്രവർത്തനം തടസ്സപ്പെട്ടു. ആമ്പ്ളിഫയറിൽ നിന്ന് പുകയുയർന്നതിനെത്തുടർന്ന് അൽപ്പനേരം പ്രസം​ഗം നിർത്തിവച്ചു. പിന്നീട് പ്രസം​ഗം തുടർന്നപ്പോൾ ‘എല്ലാം തടസങ്ങളാണല്ലോ’യെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വർഷം ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും വിവാദമായതോടെ ഒഴിവാക്കുകയും ചെയ്തിരുന്നു. 2023 ജൂലൈ 24ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്. സംഭവത്തിന് പിന്നാലെ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കെപിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ കേസെടുത്തത്.

കോട്ടയത്ത് ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതും വാർത്തയായിരുന്നു. മൈക്കിന്റെ കണക്‌ഷൻ വയറിലെ തകരാറു മൂലമാണ് പ്രസംഗം തടസ്സപ്പെട്ടത്. സാങ്കേതിക പ്രശ്നം കാരണം മൂന്ന് തവണ ചെറിയ ശബ്ദം ഉണ്ടായി. ഉടൻ മൈക്ക് പൂര്‍ണമായി കേടാവുകയും ചെയ്തു. വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

ഇതിനിടെ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടർന്ന് അത് സ്റ്റാൻഡിൽ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

webdesk13: