X

ക്യൂബയുടെ രാഷ്ട്രീയ മുഖവും മാറുന്നു

ക്യൂബയുടെ പുതിയ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍ ദേശീയ അസംബ്ലിയില്‍ എത്തിയപ്പോള്‍

ഹവാന: സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അതിവേഗം മാറ്റത്തിന് വഴങ്ങിക്കൊണ്ടിരിക്കുന്ന ക്യൂബയുടെ രാഷ്ട്രീയ മുഖവും മാറുന്നു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നതോടെ രാജ്യത്ത് കാസ്‌ട്രോ യുഗത്തിന് അന്ത്യമാവുകയാണ്.
ആറു പതിറ്റാണ്ടിനുശേഷം ആദ്യമായി കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ ക്യൂബയുടെ നേതാവായി. റൗള്‍ കാസ്‌ട്രോക്ക് പകരം വൈസ് പ്രസിഡന്റും എഞ്ചിനിയറുമായ മിഗ്വേല്‍ ഡിയാസ് കാനല്‍ എന്ന 57കാരനാണ് ഇനി പുതിയ പ്രസിഡന്റ്. ഇന്നലെ ക്യൂബന്‍ ദേശീയ അസംബ്ലിയില്‍ മിഗ്വേലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു.

1959ലെ വിപ്ലവത്തിനുശേഷം ക്യൂബയുടെ ഭരണം കാസ്‌ട്രോ കുടുംബത്തിന്റെ കൈയിലായിരുന്നു. ഫിദല്‍ കാസ്‌ട്രോ രോഗബാധിതനായതിനെ തുടര്‍ന്ന് 2006ലാണ് സഹോദരന്‍ റൗള്‍ കാസ്‌ട്രോ അധികാരമേറ്റെടുത്തത്. 2008ല്‍ അധികാരം പൂര്‍ണമായും റൗളിന്റെ കൈകളിലെത്തി.

സ്വേച്ഛാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയ ശേഷം കാസ്‌ട്രോ കുടുംബത്തില്‍ പെടാത്ത രണ്ടുപേര്‍ ഇടക്കാലത്ത് അധികാരത്തിന്റെ തലപ്പത്ത് എത്തിയിരുന്നു.
എന്നാല്‍ ഫിദല്‍ കാസ്‌ട്രോയുടെ മേല്‍നോട്ടത്തിലായിരുന്നു അപ്പോഴും കാര്യങ്ങള്‍. പ്രസിഡന്റ് പദം ഒഴിയുമെങ്കിലും ക്യൂബന്‍ പോളിറ്റ് ബ്യൂറോയുടെ തലപ്പത്ത് 2021 വരെ റൗള്‍ തുടരും.

പ്രസിഡന്റ് മിഗ്വേലിന് പഴയ വിപ്ലവ പാരമ്പര്യമൊന്നുമില്ല. സാമ്പത്തിക മേഖലയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന ക്യൂബയില്‍ മിഗ്വേലിന്റെ വരവ് രാഷ്ട്രീയമായ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. റൗളിന്റെ നേതൃത്വത്തില്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യവത്കരത്തിന് വാതില്‍ തുറന്നുകൊടുത്തിരുന്നു. ക്യൂബയില്‍ ഇപ്പോള്‍ ആറു ലക്ഷത്തിലേറെ സ്വകാര്യ സംരംഭകരുണ്ട്. സെല്‍ഫോണുകളും കമ്പ്യൂട്ടറുകളും ചുരുക്കം പേരുടെ കൈകളില്‍ ഒതുങ്ങിയിരുന്ന കാലത്തില്‍നിന്ന് വ്യത്യസ്തമായി ഇന്ന് അരക്കോടിയിലേറെ പേരുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ എത്തിക്കഴിഞ്ഞു. കൂടാതെ അമേരിക്കയുമായി വ്യാപാര, നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

chandrika: