X
    Categories: indiaNews

ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിറഞ്ഞ് കുടിയേറ്റത്തൊഴിലാളികള്‍; ഡല്‍ഹിയില്‍ ബസ് മറിഞ്ഞ് രണ്ടുമരണം

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രമുഖ നഗരങ്ങളില്‍ നാട്ടിലേക്ക് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കുടിയേറ്റ തൊഴിലാളികളെ കൊണ്ട് നിറഞ്ഞു. അതിനിടെ ഡല്‍ഹിയില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികളെ കുത്തിനിറച്ച് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹി ആനന്ദ് വിഹാര്‍ ഐഎസ്ബിടിയില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസു കാത്തുനില്‍ക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലര്‍ച്ച വരെയുമുള്ള കാഴ്ച. മുംബൈ ഉള്‍പ്പെടെ മറ്റു നഗരങ്ങളിലും സമാനമായ കാഴ്ചയാണ്. ആരും നഗരം വിട്ടുപോവരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കൂപ്പുകൈകളോടെ അഭ്യര്‍ഥിച്ചിട്ടും എങ്ങും നാട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തുനില്‍ക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടമാണ് ദൃശ്യമായത്.

അതിനിടെയാണ് ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടത്. 52 സീറ്റുള്ള ബസില്‍ 90 പേരാണ് ഉണ്ടായിരുന്നത്.
ഗ്വാളിയാര്‍ ഹൈവേയില്‍ വച്ചാണ് അപകടം ഉണ്ടായത്.

Test User: