ടി ഷാഹുല്‍ ഹമീദ്
ലോകത്ത് 100 കോടി ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത രാജ്യങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. അതില്‍ 28 കോടി പേര്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരാണ്. 1990ല്‍ 15.3 കോടി മാത്രം ഉണ്ടായിരുന്ന കുടിയേറ്റക്കാര്‍ വലിയ രീതിയിലാണ് ലോകത്ത് വര്‍ധിച്ചുവരുന്നത്. 1990 ഡിസംബര്‍ 18 മുതല്‍ കുടിയേറ്റക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌വേണ്ടി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന്റെ ഓര്‍മക്കായാണ് ഡിസംബര്‍ 18 ലോക കുടിയേറ്റ ദിനമായി ആചരിക്കുന്നത്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുടിയേറ്റം നടത്താത്ത ആളുകളില്ല. രാജ്യങ്ങളും അതിര്‍വരമ്പുകളും ഉടലെടുക്കുന്നതിന്മുമ്പ് മനുഷ്യ സംസ്‌കാരം ആരംഭിച്ചതുമുതല്‍ കുടിയേറ്റവും ആരംഭിച്ചു. ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായോ താല്‍ക്കാലികമായോ മാറി താമസിക്കുന്നതിനെയാണ് കുടിയേറ്റം എന്ന് വിശേഷിപ്പിക്കുന്നത്.
കോവിഡ് 19 സഞ്ചാരങ്ങളെ നിയന്ത്രിച്ചെങ്കിലും 2019 നേക്കാള്‍ കുടിയേറ്റം 2020ല്‍ വര്‍ധിച്ചു. 84 ദശലക്ഷം പേര്‍ നിര്‍ബന്ധിതമായ കുടിയേറ്റത്തിന് വിധേയമാകുന്നു. കുടിയേറ്റ തൊഴിലാളികളില്‍ 260 ദശ ലക്ഷം പേരും തൊഴിലിനു വേണ്ടിയാണ് കുടിയേറിയത്. ദാരിദ്ര്യം, സുരക്ഷിതത്വമില്ലായ്മ, അതിജീവന പ്രശ്‌നങ്ങള്‍, ജീവിത സൗകര്യങ്ങള്‍ ഇല്ലാത്തവര്‍, കാലാവസ്ഥ/പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ കുടിയേറ്റ ജനത വലിയ രീതിയില്‍ അഭിമുഖീകരിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2022 നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ടു വരെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന അന്താരാഷ്ട്ര സ്‌കൂളില്‍ കുടിയേറ്റക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതി കഠിനമായ ആ ആരോഗ്യപ്രശ്‌നങ്ങള്‍ ലോക ജനതയുടെ 3.6 ശതമാനം വരുന്ന കുടിയേറ്റക്കാര്‍ അനുഭവിക്കുന്നു. പകര്‍ച്ചവ്യാധികള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവ കുടിയേറ്റക്കാരുടെ കൂടപ്പിറപ്പാണ്. ഇതിനിടെ യു.എ.ഇയില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരില്‍ 30.5 ശതമാനവും രക്തസമ്മര്‍ദ്ദം ഉള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് യു.എ.ഇയിലെ സ്വദേശികളില്‍ 14 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയത് കുടിയേറ്റ ജനതയുടെ ആരോഗ്യപ്രശ്‌നത്തിന്റെ നേര്‍ചിത്രമാണ്. സമാനമായ റിപ്പോര്‍ട്ട് അമേരിക്കയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കുടിയേറ്റക്കാരില്‍ 76 ശതമാനവും അസുഖം വന്നതിനുശേഷംമാത്രമേ ചികിത്സിക്കുന്നുള്ളൂ. ലോകത്ത് ഏറ്റവും വലിയ കുടിയേറ്റ ഇടനാഴി 11 ലക്ഷം പേര്‍ മെക്‌സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് കൂടിയേറിയ ഇടനാഴിയാണ്. സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്കും ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കും അനുസ്യൂതമായി ജനങ്ങള്‍ കൂടിയേറി കൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരില്‍ 78 ശതമാനവും 15 വയസ്സ് മുതല്‍ 64 വയസ്സു വരെയുള്ളവരാണ്. കുടിയറ്റക്കാരില്‍ 48 ശതമാനവും സ്ത്രീകളാണ്. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിവരുന്ന പ്രവണതയും കൂടി വരുന്നുണ്ട.് ഇത് 85 ശതമാനം സംഭവിക്കുന്നത് യൂറോപ്പിലാണ്.
2020 ല്‍ 104 രാജ്യങ്ങളില്‍നിന്നും ദുരന്തങ്ങള്‍ കാരണം ഏഴ് ലക്ഷം ജനങ്ങള്‍വീടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വന്നു. ലോകത്തെ 8ല്‍ 1 വരുന്ന കുടിയേറ്റക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ 2030 ല്‍ ലോകം ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളൂ. കുടിയേറ്റക്കാരില്‍ 169 ദശലക്ഷം പേര്‍ അതീവ ദുരിതാവസ്ഥയില്‍ ആണെന്ന് ലോക ആരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യം തൂര്‍ക്കിയും ജര്‍മനിയുമാണ.് മ്യാന്‍മറിലെ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടിയേറി താമസിക്കാന്‍ നടത്തുന്ന നിലനില്‍പ്പിന്റെ പോരാട്ടം ലോക കുടിയേറ്റ ദിനത്തിലെ നൊമ്പരമാണ്.
കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യം യൂറോപ്പാണ്. 87 ദശലക്ഷം അതായത് ലോകത്തെ ആകെ കുടിയേറ്റക്കാരുടെ 30.9 ശതമാനവും യൂറോപ്പിലാണ് ഉള്ളത്. ഏഷ്യയില്‍ 30.5 ശതമാനവും 86 ദശ ലക്ഷവും, നോര്‍ത്ത് അമേരിക്കയില്‍ 59 ദശ ലക്ഷം (20.9 %), ആഫ്രിക്കയില്‍ 25 ദശ ലക്ഷവും (9%) കുടിയേറ്റക്കാരുണ്ട്. 50 കൊല്ലമായി കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനം ജര്‍മനിയും മൂന്നാമത്തെ രാജ്യം സഊദി അറേബ്യയുമാണ്. റഷ്യയും ബ്രിട്ടനും പിറകില്‍ ഉണ്ട്.
കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ്- 18 ദശലക്ഷം പേര്‍. രണ്ടാമത്തേത് മെക്‌സിക്കോയില്‍നിന്ന് 11 ദശ ലക്ഷം പേരും റഷ്യയില്‍ നിന്ന് 10.8 ദശ ലക്ഷം പേരും ചൈനയില്‍നിന്ന് 10 ദശ ലക്ഷവും. സിറിയയില്‍നിന്ന് എട്ട് ദശ ലക്ഷവും വിവിധ രാജ്യങ്ങളില്‍ കുടിയേറിയിട്ടുണ്ട്. ആകെയുള്ള കുടിയേറ്റക്കാരില്‍ മൂന്നിലൊന്നും ജീവിക്കുന്നത് അമേരിക്ക, ജര്‍മനി സഊദി അറേബ്യ, റഷ്യ, ബ്രിട്ടന്‍ എന്നി രാജ്യങ്ങളിലാണ്. പുതിയതിനെ തേടിയുള്ള യാത്ര പുതിയ കുടിയേറ്റ രാജ്യങ്ങളെ സൃഷ്ടിക്കുന്നു. അയര്‍ലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി മാറികൊണ്ടിരിക്കുന്നു. ലോകത്തെ കരഭാഗത്തെ 80 ശതമാനവും കാലാവസ്ഥാ വ്യതിയാനങ്ങളാല്‍ മാറ്റം വരികയും അവിടെ താമസിക്കുന്ന 85 ശതമാനം ജനങ്ങളും കാലാവസ്ഥാ വ്യതിയാനം നേരിട്ട് അനുഭവിക്കുകയും ചെയ്യുമ്പോഴാണ് കുടിയേറ്റം വ്യാപരിക്കുന്നത്. 2050 ആകുമ്പോഴേക്കും 200 ദശലക്ഷം ജനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് വീണ്ടും കൂടിയേറി പാര്‍ക്കും എന്ന് കണക്കാക്കപ്പെടുന്നു. സ്വന്തം രാജ്യവും കിടപ്പാടവും ഇല്ലാത്ത 15 ദശലക്ഷം പേര്‍ വിവിധ രാജ്യങ്ങളില്‍ കുടിയേറി പാര്‍ക്കാന്‍ ഭരണാധികാരികളുടെ ദയ കാത്ത് നില്‍ക്കുന്നു. കുടിയേറ്റ ജനത വിവിധ രാജ്യങ്ങളിലെ സമ്പത്ത് വ്യവസ്ഥക്ക് നല്‍കുന്ന പിന്തുണ വലിയ രീതിയിലുള്ളതാണ്. 702 ബില്യണ്‍ യു.എസ് ഡോളറാണ് 2021ല്‍ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാര്‍ ധനമായി അയച്ചിട്ടുള്ളത്. 2020ല്‍ മാത്രം ഇന്ത്യയിലെത്തിയ പ്രവാസി പണം 83.15 ബില്യണ്‍ യു.എസ് ഡോളറാണ്.
ഇന്ത്യയില്‍ 1983 ലെ കുടിയേറ്റ നിയമം നിലവില്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കുടിയേറ്റ നിയമത്തില്‍ 2009ല്‍ ഭേദഗതി വന്നെങ്കിലും നിലവില്‍ കുടിയേറ്റ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള നിയമം രാജ്യത്ത് ആവശ്യമാണ് എന്ന് വിവിധ സംഘടനകള്‍ ഇതിനകം തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ ജനത അനുഭവിക്കുന്ന വ്യത്യസ്ത നിയമപ്രശ്‌നങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ വിവിധ രാജ്യങ്ങളില്‍ നേരിടുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളും വിവേചനങ്ങളും പ്രയാസങ്ങളും നേരിട്ടു മനസ്സിലാക്കി അവ പരിഹരിക്കുന്നതിന് ആവശ്യമായ വലിയ ഇടപെടല്‍ കുടിയേറ്റ ദിനത്തില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്.
1901 ല്‍ മലയാളികളുടെ എണ്ണം 65 ലക്ഷം ആയിരുന്നുവെങ്കില്‍ അന്ന് കേരളത്തില്‍ വെളിയില്‍ പോയവരുടെ എണ്ണം 31000 മാത്രമായിരുന്നു. അതില്‍ ഇന്ത്യയില്‍നിന്ന് പുറത്തേക്ക് പോയവര്‍ 500 പേര്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ വര്‍ധനവ് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ആധികാരികമായ കണക്കില്ല. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. കേരളത്തില്‍ നിന്ന് ആദ്യ കാലങ്ങളില്‍ ബര്‍മ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ആയിരുന്നു കുടിയേറിയത് എങ്കില്‍ 1970 ഓടുകൂടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം വര്‍ധിക്കാന്‍ തുടങ്ങി. 2014 മുതല്‍ 22 വരെ 9 ലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ പൗരത്വം ലഭിക്കുന്നതിന്‌വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് കുടിയേറ്റത്തിന്റെ ആധുനിക മുഖമാണ് കാണിക്കുന്നത്. യു.എസ്, കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങളിലാണ് പൗരത്വം ആഗ്രഹിക്കുന്ന ആളുകള്‍ കൂടുതലായും താമസിക്കുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അലന്‍ കുര്‍ദി എന്ന കുരുന്നു കുഞ്ഞിന്റെ ഫോട്ടോ കുടിയേറ്റ ദിനത്തില്‍ ഓര്‍മിക്കേണ്ടതാണ്. സിറിയയില്‍ നിന്നും ഗ്രീസിലേക്കുള്ള യാത്രയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് കുട്ടി മരിച്ചതും തീരത്ത് മൃതശരീരം കണ്ടെത്തിയതും. ഇന്ന് ലോക കുടിയേറ്റ ദിനം