X
    Categories: MoreViews

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 31 പേര്‍ മരിച്ചു

ട്രിപ്പോളി: മെഡിറ്ററേനിയല്‍ കടല്‍ കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്‍ 31 പേര്‍ മരിച്ചു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 6 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്‍ ശാന്തമായതിനെയും തുടര്‍ന്ന് ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം മറ്റൊരു ബോട്ടിലുണ്ടായിരുന്ന 140 പേരെ രക്ഷപ്പെടുത്തി.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്കന്‍ തീരമായ ഗാരബുള്ളയിലാണ് ബോട്ട് മുങ്ങിയത്. ജലനിരപ്പിന് മുകളിലുണ്ടായിരുന്ന ബോട്ടിന്റെ ഭാഗത്തേക്ക് കയറി നിന്നവര്‍ മാത്രം രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയവരെ ട്രിപ്പോളി നാവിക സൈനികത്താവളത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച 250 പേരെ കടലില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ മെഡിറ്ററേനിയല്‍ കടല്‍ കടക്കാന്‍ ശ്രമിച്ച 33000 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് മൈഗ്രേഷന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം 3000 പേരാണ് മരിച്ചത്. ഈ വര്‍ഷം കടലില്‍ വീണ 19,000 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 1,51,000 പേര്‍ യൂറോപ്പിലേക്ക് കുടിയേറിയതായി യുഎന്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം 3,35000 പേരാണ് കുടിയേറിയത്.

chandrika: