X

തീവ്ര ചുഴലിക്കാറ്റായി ‘മിഗ്‌ജോം’; വെള്ളത്തിനടിയില്‍ ചെന്നൈ നഗരം

നഗരത്തെ പിടിച്ചു കുലുക്കി ‘മിഗ്‌ജോം’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതരുടെ നിര്‍ദേശം. അനാവശ്യമായി ആരു പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. നിലവില്‍ ചെന്നൈയില്‍ നിന്ന് 90 മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

‘മിഗ്‌ജോം’ നാളെ രാവിലെ ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.

ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ അടിയന്തരയോഗം ചേര്‍ന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല വിമാനങ്ങളും റദ്ദാക്കി.

പലയിടത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മഴ കനത്താല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം ലഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഡിലൂടെ പോകുമ്പോള്‍ കാറിനകത്ത് വെള്ളം കയറിയെന്ന് ചെന്നൈയില്‍ പൈലറ്റായ വൃന്ദ വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ വൈകുമെന്നും പൈലറ്റ് വൃന്ദ പറഞ്ഞു.

മഴ ശമിക്കും വരെ ജനങ്ങള്‍ വീടുകളില്‍ തുടരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. നാല് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലുള്ളവരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചത്. തിരുവള്ളൂരില്‍ ഒറ്റപ്പെട്ടവരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.

80 വര്‍ഷത്തിനിടയിലെ രൂക്ഷമായ മഴക്കെടുത്തിയെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പുമന്ത്രി വ്യക്തമാക്കി. റോഡില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഒഴുകിപ്പോയി. ചെന്നൈ -കൊല്‍ക്കത്ത ദേശീയ പാതയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.

 

webdesk13: