X
    Categories: gulfNews

മിഡില്‍ഈസ്റ്റ് മരുന്ന് വിപണി: 30 ശതമാനവും സഊദിഅറേബ്യന്‍ ഉല്‍പ്പന്നങ്ങള്‍

റിയാദ്: മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ 30 ശതമാനവും സഊദി അറേബ്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍. ഈ മേഖലയിലെ ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ വിപണി 32 ബില്യണ്‍ റിയാല്‍ (8.6 യുഎസ് ഡോളര്‍)ലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് ഗ്ലോബല്‍ മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിയില്‍ മന്ത്രിതല സംഭാഷണ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനായി ആഗോള തലത്തില്‍ ബയോടെക്‌നോളജിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തന്ത്രപരമായ സമീപനവും സമഗ്രമായ പദ്ധതിയുമാണ് രാജ്യം പിന്തുടരുന്നത്.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിലും ലൈഫ് സയന്‍സിലും ആഗോളതലത്തില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ലക്ഷ്യം.

ബയോടെക്‌നോളജി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും രാജ്യത്തിന് ബോധ്യമുണ്ടെന്ന് അല്‍ഖൊറായ്ഫ് വിശദീകരിച്ചു.

പാന്‍ഡെമിക് സമയത്ത് വെല്ലുവിളികളെ നേരിടുന്നതില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട സുപ്രധാന മേഖലകളിലൊന്നാണ് രാജ്യത്തെ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെന്ന് അല്‍ഖൊറായ്ഫ് സൂചിപ്പിച്ചു. രാജ്യത്ത് ഏകദേശം 50 രജിസ്റ്റര്‍ ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളാണുള്ളത്.

വണ്‍ഷോപ്പ് സര്‍വീസ് സ്‌റ്റോപ്പ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മിറ്റി 13 സര്‍ക്കാര്‍ ഏജന്‍സികളുമായി ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

webdesk13: