കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊന്നു. കൈതപ്രം സ്വദേശി രാധാകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.
വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴാണ് രാധാകൃഷ്ണനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാരുന്നു.
പ്രതി സന്തോഷിനെ കൃത്യം നടന്ന വീടിനു സമീപത്ത് പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്നു സന്തോഷ്. ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ഇയാള്‍ വെടിവയ്പ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയാണ് ഇയാള്‍.
രാധാകൃഷ്ണനും സന്തോഷും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. തോക്ക് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്‍. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.