X
    Categories: main stories

വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ കയറി വെട്ടിക്കൊന്നു

എറണാകുളം: വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. പിറവം സ്വദേശിനിയായ ശ്യാമള (54)യാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍‌സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. കക്കാട് സ്വദേശിയായ ശിവരാമന്‍ ശ്യാമളയുടെ കഴുത്തിനാണ് വെട്ടിയത്.

വീടിന്റെ പിന്‍വശത്തെ മുറ്റത്ത് മലര്‍ന്നു കിടക്കുന്നവിധമായിരുന്നു മൃതദേഹം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. പിറവം കക്കാട് സ്വദേശിയായ ശിവരാമന്‍ ഓട്ടോയില്‍ വീടിനു സമീപത്തെത്തി. തുടര്‍ന്ന് കത്തിയുമായി വീട്ടില്‍ കയറി. കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന പത്രക്കടലാസ് വീട്ടുമുറ്റത്തുനിന്ന് കണ്ടെടുത്തു.
വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റല്‍ സര്‍വീസിലായിരുന്ന വട്ടപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ് മരിച്ച ശ്യാമള.

കൊലപാതകത്തിനുശേഷം ശ്യാമളയുടെ മകളെ ശിവരാമന്‍തന്നെയാണ് ഫോണ്‍വിളിച്ച് വിവരം പറഞ്ഞത്. സഹോദരിയില്‍ നിന്ന് വിവരമറിഞ്ഞ് മകന്‍ എത്തുമ്പോഴേക്കും ശ്യാമള മരിച്ചിരുന്നു. പിറവം സിഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: