X

കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി രാഷ്ട്രപതിയെ സമീപിച്ച് 18 പ്രതിപക്ഷ പാര്‍ട്ടികള്‍; പഞ്ചാബിലെ ബന്ദിന് പിന്തുണയുമായി ആം ആദ്മി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ ഉയരുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തി പ്രാപിക്കുന്നു. വിവാദമായ ബില്ലിനെതിരെ ഇതിനകം ബിജെപിയുടെ സഖ്യ കക്ഷികളായ അകാലിദളും ജെജെപിയും രംഗത്തെത്തി. കര്‍ഷകരുടെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന പഞ്ചാബ് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ കര്‍ഷക ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനകം പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. പാര്‍ലമെന്റില്‍ ജനാധിപത്യം കശാപ്പു ചെയ്‌തെന്നും താങ്കള്‍ ബില്ലില്‍ ഒപ്പുവയ്ക്കാതെ തിരിച്ചയക്കുന്നതിനായി പ്രാര്‍ഥിക്കുകയാണ് ഞങ്ങളെന്നും, രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെടുന്നവ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവയാണ് കത്തയച്ചത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. നിര്‍ബന്ധബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എസ്എഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് വിവാദമായ ബില്ലുകള്‍ വന്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭ പാസാക്കിയത്.

അതിനിടെ, കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, എട്ട് എംപിമാരുടെ സസ്‌പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു ശേഷം മൂന്നാമത്തെ കാര്‍ഷിക ബില്ലും രാജ്യസഭയില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാവാന്‍ സാധ്യതയുണ്ട്.

 

 

chandrika: