കോട്ടയം: മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോണ്‍ ജോര്‍ജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം. കോട്ടയം ചിറപ്പുറത്ത് പരേതരായ സി ജോര്‍ജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ് ജോണ്‍ ജോര്‍ജ്.
ചെന്നൈ ഡോണ്‍ ബോസ്‌കോയിലും കൊച്ചി ഡെല്‍റ്റ സ്‌കൂളിലുമായാന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട്, ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജോണ്‍ ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്ന് എംബിഎ പഠനവും പൂര്‍ത്തിയാക്കി. ഇന്റലിജന്റ് ഡേറ്റ സെന്റര്‍ സ്വിച്ചിന്റെ തുടക്കക്കാരായ സര്‍വേഗ എന്ന കമ്പനിയുടെ സഹസ്ഥാപനായാണ് അമേരിക്കയില്‍ കരിയര്‍ തുടങ്ങിയത്.
2000ല്‍ തുടങ്ങിയ ഈ കമ്പനി 2005ല്‍ ഇന്റല്‍ വാങ്ങി. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം മൈക്രോസോഫ്റ്റില്‍ ഡേറ്റ പ്ലാറ്റ്‌ഫോം പ്രോഡക്ട് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചു. തുടര്‍ച്ച് എച്ച്പി കമ്പനിയുടെ വൈസ് പ്രസിഡന്റായി. 2017ല്‍ മൈക്രോസോഫ്റ്റില്‍ തിരികെയെത്തിയ അദ്ദേഹം ബ്ലോക്‌ചെയിന്‍, അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണ് ഭാര്യ. വര്‍ഷങ്ങളായി അമേരിക്കയിലെ സിയാറ്റിലിലാണ് താമസം. മക്കള്‍: ജോര്‍ജ്, സാറ.