കൊച്ചി: സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജി കൊച്ചി കായലില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം പുറത്തു വന്നു. മിഷേലിന്റെ ശരീരത്തില്‍ മരണത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാനിധ്യം ഇല്ലെന്നും കായലിലെ ഉപ്പു കലര്‍ന്ന ജലമാണ് മരണത്തിന് കാരണമായതെന്നും പരിശോധനാ ഫലം പറയുന്നു.
മിഷേല്‍ ലൈംഗിക പീഡനത്തിന് ഇരയായതായുള്ള സൂചനകളും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. കാക്കനാട്ടെ റീജിയണല്‍ ലാബിലാണ് ആന്തരികാവയവങ്ങളുടെ പരിശോധന നടന്നത്. പരിശോധന റിപ്പോര്‍ട്ടില്‍ മിഷേലിന്റെ മരണത്തിനു പിന്നില്‍ സംശയിക്കത്തക്കതായ കാരണങ്ങളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി പി.കെ മധു പറഞ്ഞു.
കേസിലെ പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണ്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും കേസിന് പ്രയോജനകരമായ പുതിയ തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് ഫോണ്‍ പരിശോധനഫലം വൈകുന്നതെന്നും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു.
ക്രോണിന്‍ നശിപ്പിച്ച ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു ഫോണ്‍ വിദഗ്ധ പരിശോധനക്കായി അയച്ചത്. മിഷേലിനെ കാണാതായ തൊട്ടു തലേദിവസത്തെ ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് പരിശോധിക്കുന്നത്. ക്രോണിന്‍ മിഷേലിനയച്ച സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുന്നതോടെ മിഷേലിന്റെ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
മിഷേലിനെ ബോട്ടില്‍ തട്ടികൊണ്ടു പോയി അപായപ്പെടുത്തിയ ശേഷം കായലില്‍ ഉപേക്ഷിച്ചതാകാമെന്ന പിതാവ് ഷാജിയുടെ മൊഴിയും അന്വേഷണ സംഘം വിശദമായി അന്വേഷിക്കും.