X

മിഷേലിന്റെ മരണം; ക്രോണിനെതിരെ പോക്‌സോ ചുമത്തി

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിക്കെതിരെ പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത സമയത്തും മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് കേസെടുത്തത്. നേരത്തെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത് കൂടാതെയാണിത്. അതേസമയം ക്രോണിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് മരട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. മിഷേലിന് ജനുവരിയിലാണ് 18 വയസ് തികയുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായി മിഷേലുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് ക്രോണിന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. മിഷേലിനെ ഭീഷണിപ്പെടുത്തിയ സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്രോണിന്‍ മിഷേലിന് മര്‍ദിച്ചിരുന്നുവെന്ന കാര്യം സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

ക്രോണിന്റെ നിരന്തരമായ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ഏറെക്കുറെ ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മിഷേല്‍ പാലത്തില്‍ നിന്നും ചാടുന്നത് കണ്ട സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. വൈപ്പിന്‍ സ്വദേശിയായ ഒരാള്‍ പെണ്‍കുട്ടി ഗോശ്രീ പാലത്തില്‍ നില്‍ക്കുന്നത് കണ്ടിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഗോശ്രീ പാലത്തിലേക്കുള്ള വഴിയിലൂടെ മിഷേല്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

chandrika: