അനീഷ് ചാലിയാര്‍
മലപ്പുറം
മഷിതീരാത്തൊരു തൂലിക താഴെവച്ച് എം.ഐ തങ്ങള്‍ മടങ്ങുമ്പോള്‍ പാതിവഴിയിലവസാനിക്കുന്നത് ആരും കാണാതെ പോയ മുഹമ്മദലി ജിന്നയെ തേടിയുള്ള യാത്രയാണ്. ആത്മബന്ധമുള്ളവരോടായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു എം.ഐ തങ്ങള്‍. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനെന്ന് മുദ്രകുത്തപ്പെട്ട ജിന്ന അങ്ങനെയായിരുന്നില്ല. പഠിച്ചറിഞ്ഞ യാഥാര്‍ഥ്യങ്ങളെല്ലാം പകര്‍ത്താനുള്ള ശ്രമങ്ങളിലും കൂടുതല്‍ അന്വേഷണത്തിലുമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളിലും എം.ഐ തങ്ങള്‍.
സ്വാതന്ത്ര്യാനന്തരം പകച്ചുനിന്നിരുന്ന സമുദായത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആധുനിക വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയ ശക്തിയാക്കി വളര്‍ത്താനും ശ്രമിച്ച സര്‍സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്രവും എം.ഐ തങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ജിന്നാ സാഹിബിന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചുമുള്ള പുസ്തകം ഏതാണ്ട് പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടെയുള്ള അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
അവിഭക്ത ഭാരതത്തിന്റെ മുസ്്‌ലിം നവോത്ഥാന ചരിത്രം പുതുതലമുറ വായിച്ചറിഞ്ഞത് എം.ഐ തങ്ങളുടെ എഴുത്തിലൂടെയാണ്. മുസ്്‌ലിംകളുടെ വേരുകള്‍ ഇന്ത്യന്‍ മണ്ണില്‍ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് മലയാളികളെ അറിയിക്കുകയെന്ന ആഗ്രഹമാണ് ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കാന്‍ കരണമെന്ന് എം.ഐ തങ്ങള്‍ പറയാറുണ്ട്. 1700 മുതല്‍ ഇന്ത്യയുടെ ചരിത്ര പുരോഗതിയില്‍ മുസ്്‌ലിംകളുടെ ഇടപെടലുകളെക്കുറിച്ച് ആധികാരിക ഗ്രന്ഥമാണ് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകം.
ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരവധി ഭാഷകൡലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം ദര്‍ശനവും ദൗത്യവും (മലയാളം, ഇംഗ്ലീഷ്), സര്‍സയ്യിദ് അഹമ്മദ്ഖാന്‍ (ജീവചരിത്രം), ആഗോളവത്കരണത്തിന്റെ അനന്തര ഫലങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം (ഇംഗ്ലീഷ്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.