കോഴിക്കോട്: ആറ് ദശാബ്ദകാലത്തിലധികം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ഭൗതിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്ന ഒരു നക്ഷത്രമായിരുന്നു എം.ഐ തങ്ങള്‍ എന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗിനെ കുറിച്ച് മാത്രമല്ല, ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ നവോത്ഥാന പഥങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തന്റെ വിജ്ഞാനത്തിന്റെ സംഭരണിയില്‍ നിന്നും ധാരാളമായി അറിവുകള്‍ പകര്‍ന്ന് കൊടുത്ത മഹാ പ്രതിഭയാണ് അദ്ദേഹം; സംസാരിക്കുന്ന എന്‍സൈക്‌ളോപീഡിയ.
എം.ഐ തങ്ങളുടെ ഒരു പുസ്തകത്തിന് അവതാരിക എഴുതാനുള്ള അവസരവും എനിക്ക് തന്നു. അദ്ദേഹം അന്ന് പറഞ്ഞത്, അവതാരിക എഴുതാന്‍ എനിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടല്ല. നമ്മള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പുറത്താണ് ഈ ആവശ്യമെന്നായിരുന്നു. എനിക്ക് എം.ഐ തങ്ങളുമായി അര നൂറ്റാണ്ട് കാലത്തെ സ്‌നേഹബന്ധമാണുള്ളത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പരിപാടികള്‍ക്ക് ക്ലാസെടുക്കാന്‍ പോകുമായിരുന്നു.
1991 ല്‍ ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായി വന്ന കാലത്ത്, ഗ്രന്ഥശാലയുടെ സ്ഥിരം മെമ്പര്‍ ആവാന്‍ ക്ഷണിച്ചു. ആദ്യമൊന്നും വഴങ്ങിയില്ല. പിന്നെ എന്നോടുള്ള സ്‌നേഹബന്ധത്തിനു പുറത്ത് സമ്മതിക്കുകയായിരുന്നു. റഹീം മേച്ചേരിയും ഉണ്ടായിരുന്നു, ആ കാലയളവില്‍. എന്നാല്‍, റഹീം മേച്ചേരി എനിക്കതിനോട് 100 % നീതിപുലര്‍ത്താന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ്, സ്‌നേഹപൂര്‍വ്വം പിന്‍വാങ്ങി.
പിന്നീട് ഗ്രന്ഥശാലയെ ജനാധിപത്യപരമായി പുനഃസംഘടിപ്പിച്ച്, പുതിയ സമിതിയെ ഏല്‍പ്പിച്ചാണ് എം.ഐ തങ്ങള്‍ അവിടെ നിന്നും പടിയിറങ്ങിയത്. പകരം വെക്കാനില്ലാത്ത ധൈഷണിക പ്രതിഭയെയാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ടതെന്നും ഇ.ടി അനുസ്മരിച്ചു.