X

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അവതാരകന്‍: സാദിഖലി തങ്ങള്‍


മലപ്പുറം: രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധാര്‍മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല്‍ പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ ബിരുദ വിദ്യാഭ്യാസത്തിലുപരിയായി മൗലികമായ ഒരു കാഴ്ചപ്പാടിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. കേരളത്തിനപ്പുറത്ത് ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വിവരങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. ഉത്തരേന്ത്യന്‍ പണ്ഡിത ശൃംഖല അദ്ദേഹത്തിന്റെ പ്രകടമായ സ്വാധീനം ചെലുത്തി. സര്‍സയ്യിദും മൗലാനാ മുഹമ്മദലി മുതല്‍ തുടങ്ങി ദയൂബന്ധി പണ്ഡിത വിശാരദന്‍മാരെയും അദ്ദേഹം പഠന വിധേയമാക്കി. എന്നാല്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളോടാണ് അദ്ദേഹം പ്രതിബദ്ധത പുലര്‍ത്തിയിരുന്നത്. വരേണ്യവര്‍ഗ നേതൃമഹിമയേക്കാള്‍ എം.ഐ തങ്ങളെ സ്വാധീനിച്ചത് അധസ്ഥിത സമൂഹം നേരിടുന്ന, അതിജീവന പോരാട്ടത്തിന്റെ വഴികളില്‍ ഖാഇദെമില്ലത്ത് പകര്‍ന്ന് നല്‍കിയ രാഷ്ട്രീയ അടിത്തറയുടെ അടിസ്ഥാന പാഠങ്ങളായിരുന്നു. തന്റെ ജീവിതത്തെ തന്നെ തന്റെ സന്ദേശമായി ഖാഇദെമില്ലത്ത് അവതരിപ്പിച്ചു. തന്റെ അറിവും പ്രയത്‌നങ്ങളും സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിച്ചു നല്‍കുവാനുള്ള വഴികളില്‍ എം.ഐ തങ്ങള്‍ ഏറെ പ്രയോജനപ്പെടുത്തിയത് ഖാഇദെമില്ലത്തിന്റെ ദര്‍ശനങ്ങളും ജീവിതവുമായിരുന്നു. മുമ്പിലുള്ള ജീവിതത്തെ, കടന്ന് പോയ കാലങ്ങളുടെ കണ്ണാടിയായി. നോക്കിക്കാണാനാണ് അദ്ദേഹം പറഞ്ഞത്.
ആ പറച്ചിലിന് തന്റെ ചരിത്ര വിജ്ഞാനങ്ങളിലൂടെ അദ്ദേഹം ന്യായീകരണനം കണ്ടെത്തി. ചരിത്രം തിരിച്ചടികളുടെയും അതേപോലെ നേട്ടങ്ങളുടെതുമാണ്. തിരിച്ചടികളുടെ അപഗ്രഥനം അദ്ദേഹം നടത്തി.തിരിച്ചുപിടിച്ച നേട്ടങ്ങളെ അഭിമാനപൂര്‍വം അദ്ദേഹം സദസ്സുകളുടെ മുമ്പിലും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും വിശദീകരിച്ചുകൊടുത്തു. ഇന്ത്യന്‍ വര്‍ത്തമാനത്തിന് ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ട്. അവതരണം ചെയ്യാന്‍ ഭൂതകാലാനുഭവങ്ങളെ വിശകലനം ചെയ്തു. അതിനുള്ള രാഷ്ട്രീയ പരിഹാരങ്ങളാണ് എം.ഐ തങ്ങള്‍ തന്റെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനം ഖാഇദെമില്ലത്തിന്റെ ഹരിതാഭമായ ആദര്‍ശങ്ങളിലൂടെയേ സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

web desk 1: