എം.സി വടകര
എം.ഐ തങ്ങള്‍, അതൊരപൂര്‍വ്വ ജന്മമായിരുന്നു. തന്റെ കൈവശമുള്ളതെല്ലാം സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച് ഒന്നും തിരിച്ചു ചോദിക്കാതെ തിരശ്ശീലക്ക് പിന്നില്‍ അപ്രത്യക്ഷമായ ഒരു മഹാജന്മം. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തോളമായി ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിക്കുകയാണ് ഞാന്‍. അദ്ദേഹം ഇല്ലാതായെന്ന് കേട്ടപ്പോള്‍ ശരീരത്തില്‍ നിന്ന് ഒരവയവം നഷ്ടപ്പെട്ടത് പോലെ തോന്നുന്നു. നികത്തിയാലും നികത്തിയാലും നിറയാത്ത ശൂന്യത….
സഹോദര തുല്യനായിരുന്നു എം.ഐ തങ്ങള്‍. മാപ്പിളനാട് വാരികയില്‍ എഴുതുന്ന കാലത്താണ് എം.ഐ തങ്ങളുമായി ഞാന്‍ സൗഹൃദം തുടങ്ങുന്നത്. പിന്നീട് നൂറു കണക്കിന് സംഘടനാ ക്യാമ്പുകളില്‍, സമ്മേളനങ്ങളില്‍, യാത്രകളില്‍ സൗഹൃദ സന്ദര്‍ശങ്ങളില്‍ എന്റെ സമീപസ്ഥനായി തങ്ങളുണ്ടായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ച് കാഴ്ചപ്പാടുകള്‍ വ്യക്തമായി ആ സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യം അനുവദിക്കുന്നത് വരെ തങ്ങളുടെ ഫോണ്‍ കോളുകള്‍ എന്നെ തേടിയെത്തി. ഏതാനും മാസം മുമ്പ് വന്ന ഫോണ്‍ കോളില്‍ സമയം അടുത്തെത്തിയെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങിനെയൊന്നുമിപ്പോഴുണ്ടാവില്ലെന്ന് പറഞ്ഞാശ്വസിപ്പിച്ചത് ഓര്‍ക്കുന്നു. നീണ്ട ആസ്പത്രി വാസത്തിനിടയിലും പ്രിയപ്പെട്ടവരെ ഏറെ കരുതലോടെ മനസ്സിലിട്ട് താലോലിച്ചിരുന്നു അദ്ദേഹം.
മാപ്പിളനാട് വാരികയില്‍ എം.ഐ തൃക്കലങ്ങോട് എന്ന പേരിലാണ് അദ്ദേഹം എഴുതിയിരുന്നത്. ചെറുപ്പക്കാരുടെ ആവേശമായിരുന്നു അന്ന് മാപ്പിളനാട്. എഴുത്തിനോട് വല്ലാത്ത പ്രണയമുണ്ടായിരുന്നെങ്കിലും തങ്ങളുടെ ജീവിത പാശ്ചാത്തലം സമ്പന്നമായിരുന്നില്ല. അതു കൊണ്ട് തന്നെ അധികം വൈകാതെ തങ്ങള്‍ തൊഴില്‍ തേടി പ്രവാസിയായി. അഹമ്മദാബാദില്‍ പ്രവാസ ജീവിതം നയിക്കുന്ന കാലഘട്ടം തങ്ങളുടെ ജീവിതത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. കുന്നോളം ജീവിതാനുഭവങ്ങളും കൈയ്യിലിട്ട് അമ്മാനമാടാന്‍ നിരവധി ഭാഷകളുമായാണ്് തങ്ങള്‍ നാട്ടില്‍് തിരിച്ചെത്തിയത്.
പ്രവാസ ജീവിതത്തിനു ശേഷമുള്ള കാലഘട്ടം കുറച്ചു കൂടി ഗൗരവപരമായിരുന്നു. കൂടുതല്‍ ധിഷണാപരമായ എഴുത്തുകള്‍ എം.ഐ തങ്ങളുടേതായി പുറത്തു വന്നു. ചന്ദ്രികയുടെ താളുകളിലൂടെ ആ എഴുത്ത് കൂടുതല്‍ ജനങ്ങളിലേക്ക് പരന്നൊഴുകി. സുവ്യക്തമായിരുന്നു ഓരോ വിഷയത്തിലും തങ്ങളുടെ നിലപാടുകള്‍. വര്‍ഗീയ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും എന്താണ് എന്ന് കൃത്യമായി എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം വേര്‍തിരിച്ചു കാണിച്ചു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ വരുന്നവരെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തുരത്തിയോടിച്ചത് എം.ഐ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യയ ശാസ്ത്ര ക്ലാസുകളില്‍ നിന്ന് ലഭിച്ച വിഞ്ജാനത്തിന്റെ ബൗദ്ധിക പിന്‍ബലത്തോടെയായിരുന്നു.
എം.ഐ തങ്ങളുടെ പുസ്തകങ്ങള്‍ മതി വരും കാല തലമുറക്ക് അദ്ദേഹത്തിന്റെ സംഭാവനകളെ അടുത്തറിയാന്‍. ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകത്തെ ഈ വിഷയത്തിലെ ക്ലാസിക് എന്ന് നിസംശയം വിളിക്കാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യകതയെ ബലപ്പെടുത്തുകയാണ് ഈ പുസ്തകം. മുസ്‌ലിംലീഗിന്റെ ദാര്‍ശനിക മുഖം പുസ്തകങ്ങളിലൂടെ തങ്ങള്‍ അനാവരണം ചെയ്യുന്നു.
സര്‍സയ്യിദ് അഹമ്മദ് ഖാനെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏക ഗ്രന്ഥം തങ്ങളുടേതാണ്. സര്‍ സയ്യിദ് ജീവിതവും വീക്ഷണവും എന്ന പുസ്തകം ആ മഹാനുഭാവന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം അദ്ദേഹം ജീവിച്ച കാലഘട്ടത്തെ കൂടി തെളിമയോടെ അവതരിപ്പിക്കുന്നു.
നല്ല വായനക്കാരനെ എഴുത്തുകാരനാവാന്‍ കഴിയൂ എന്നത് കൂടി എം.ഐ തങ്ങളുടെ ജീവിതം ഓര്‍മ്മപ്പെടുത്തുന്നു. പുതിയ പുസ്തങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നതില്‍ ഏറെ ഔത്സുക്യം അദ്ദേഹം കാണിച്ചു. വലിയ ലൈബ്രറികളെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഗ്രന്ഥശാല സംഘത്തിന്റെ ഫുള്‍ ടൈം മെമ്പറായിരുന്നു തങ്ങള്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിന് സത്യസന്ധമായും ക്രിയാത്മകമായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.
നിഷ്‌കാമമായ പൊതുപ്രവര്‍ത്തനം സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന കാലഘട്ടത്തില്‍ ആ രംഗത്തെ അപൂര്‍വ്വ ജ്യോതിസ്സായിരുന്നു എം.ഐ തങ്ങള്‍. അനേകം തലമുറകളോളം ആ നാമം അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും.