X

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

മുംബൈ: മഹാരാഷ്ട്രയില്‍ ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ.
മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ – കോമേഴ്സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ തടയും. പൊതുഗതാഗതം നിര്‍ത്തിവെക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.

മഹാരാഷ്ട്രയില്‍ ഇന്ന് 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോളും സംസ്ഥാനം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനം നടത്തിയത്.

 

Test User: