മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഏപ്രില്‍15 അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 15 ദിവസം അല്ലെങ്കില്‍ മൂന്നാഴ്ച അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇന്ന് രാത്രി എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ അഭിസംബോധന ചെയ്യും. പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പുറത്തിറക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ച് പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ പെട്ടന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ജനങ്ങള്‍ക്ക് മുന്നൊരുക്കത്തിന് സമയം അനുവദിക്കുമെന്ന് മന്ത്രി അസ്‌ലം ഷെയ്ക്ക് പറഞ്ഞു.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമസാന്‍ മാസത്തിലെ കൂട്ടായ്മകള്‍ക്കും ഘോഷയാത്രകള്‍ക്കും നിരോധം ഏര്‍പ്പെടുത്തി.ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമസാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.