മുംബൈ: പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് അഞ്ച് വയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ ധാരാവിയിലാണ് അപകടം. ഹൊസെഫ ഷെയ്ഖ് ആണ് മരിച്ചത്. ലിഫ്റ്റിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകള്‍ക്കിടയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്.
ധാരാവിയിലെ ഷാഹു നഗര്‍ പ്രദേശത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഹൊസെഫയുടെ വീട്. ശനിയാഴ്ച ഉച്ചയോടെ നാലാം നിലയില്‍ വച്ചാണ് അപകടമുണ്ടായത്. കുട്ടി ഇറങ്ങുന്നതിന് മുന്‍പ് ഇരു വാതികളും അടഞ്ഞ് ലിഫ്റ്റ് താഴേക്ക് നീങ്ങുകയായിരുന്നു.
കെട്ടിടത്തിന്റെ താഴെ നിന്ന് സഹോദരിമാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറി നാലാം നിലയിലേക്കുള്ള വീട്ടിലേക്ക് പോകവേയാണ് ഹൊസെഫയ്ക്ക് അപകടം സംഭവിച്ചത്. ലിഫ്റ്റ് നാലാം നിലയിലെത്തിയപ്പോള്‍ മൂവരും പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സഹോദരിമാര്‍ രണ്ട് പേരും പുറത്തെത്തിയപ്പോള്‍ ഹൊസെഫ അകത്തേക്കും പുറത്തേക്കുമുള്ള വാതിലിനടിയില്‍പ്പെട്ടു. കുട്ടി പുറത്തെത്തുന്നതിന് മുന്‍പ് തന്നെ വാതിലും ഗ്രില്ലും അടയുകയും ലിഫ്റ്റ് താഴേക്ക് നീങ്ങുകയും ചെയ്തിരുന്നു. മൃതദേഹം ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഷെയ്ഖിനെ സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ലിഫ്റ്റിന് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടി ലിഫ്റ്റില്‍ കുടുങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.