X

എം.ജി.പിക്ക് സര്‍ക്കാരില്‍ നിരാശ; ഗോവയില്‍ മനോഹര്‍ പരീക്കറിന് പ്രതിസന്ധി?

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് വെല്ലുവിളിയായി ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). സര്‍ക്കാരില്‍ നിരാശരാണെന്നും ആറ് മാസം നല്‍കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. മൂന്ന് എം.എ.മാരുള്ള പാര്‍ട്ടിയുടെ നിലപാട് വിപരീതമാവുകയാണെങ്കില്‍ ഗോവയിലെ ബി.ജെ.പിക്ക് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാവും.

പ്രാദേശിക വികസനം, മയക്കുമരുന്ന്, ചൂതാട്ടം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ദീപക് ധവാലിക്കര്‍ പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. അംഗങ്ങളെല്ലാം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശരാണ്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ അടുത്ത ആറുമാസം സര്‍ക്കാരിന് അവസരം നല്‍കും. അതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നും ധവാലിക്കര്‍ പറഞ്ഞു. അതേസമയം, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്നതിനെക്കുറിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

കോണ്‍ഗ്രസ്സിന് പതിനേഴും, ബി.ജെപിക്ക് 14ഉം അംഗങ്ങളാണ് നിയമസഭയിലുള്ളത്. 40അംഗങ്ങളില്‍ എം.ജി.പിക്ക് പുറമെ ജിഎഫിപിയും മൂന്ന് സ്വതന്ത്രരും ഒരു എന്‍സി.പി അംഗവുമായാണ് ബി.ജെ.പി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

chandrika: