ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ചിത്രങ്ങള്‍ ജോലി കാര്‍ഡുകളില്‍ ഉള്‍പെടുത്തി തട്ടിപ്പ് നടത്തിയത്. താരങ്ങളുടെ പേരില്‍ ജോലി കാര്‍ഡ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 100 ശതമാനം വേതനം നല്‍കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ അതേ പഞ്ചായത്തായ സിരണ്യയിലാണ് തട്ടിപ്പ് നടന്നത്.
പ്രദേശവാസികളുടെ ചിത്രങ്ങള്‍ക്കു പകരമാണ് ജോലി കാര്‍ഡുകളില്‍ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പെടുത്തിയത്. ചിത്രംവച്ച് മാത്രമല്ല, വേതനവും ഈ വ്യാജ ജോലി കാര്‍ഡുകളില്‍ പുറത്തിറക്കിയിട്ടുണ്ട്. മോനു ശിവശങ്കര്‍ എന്ന പേരില്‍ ദീപിക പദുക്കോണിന്റെ ചിത്രമാണ് ഒരു കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. സോനു ശാന്തിലാല്‍ എന്നയാളുടെ ചിത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ചിത്രവും ഉള്‍പെടുത്തി. ജോലിക്ക് പോവാത്ത ഇവരുടെ പേരില്‍ കാര്‍ഡിറക്കിയാല്‍ ആരും അറിയില്ലെന്ന് കരുതിയാണ് കാര്‍ഡിറക്കി തട്ടിപ്പ് നടത്തിയത്.
പഞ്ചായത്ത് സെക്രട്ടറിയും എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ജില്ലാ ആസ്ഥാനത്തു നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിരണ്യ പഞ്ചായത്തിലെ ഗ്രാമത്തിലാണ് തട്ടിപ്പ് നടത്തിയത്.