X

എംജി സര്‍വകലാശാല രജിസ്ട്രാറുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജം; റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

കോട്ടയം: എംജി സര്‍വകലാശാല രജിസ്ട്രാറുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് പരാതി. യോഗ്യതയായി സര്‍വകലാശാല സമിതിക്ക് മുന്‍പാകെ രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാര്‍ സമര്‍പ്പിച്ച സാക്ഷ്യപത്രങ്ങള്‍ വ്യാജമാണെന്നാണ് പരാതിയുള്ളത്. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയില്‍ എംജി വൈസ്ചാന്‍സലറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം അധ്യാപകരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഡോ. ബി പ്രകാശ്കുമാര്‍ എംജി സര്‍വകലാശാലയില്‍ രജിസ്ട്രാറായി ചുമതലയേല്‍ക്കുന്നത്. ഭരണപരിചയ രംഗത്ത് ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് അന്ന് ഹാജരാക്കിയത് എന്നാണ് ആരോപണമുള്ളത്. പാലാ സെന്റ് തോമസ് കോളേജില്‍ ബയോകെമിസ്ട്രി വിഭാഗം തലവനായി 1995 മുതല്‍ 2010 വരെ പ്രവര്‍ത്തിച്ചെന്ന സര്‍ട്ടിഫിക്കറ്റാണ് ഡോ പ്രകാശ് സമര്‍പ്പിച്ചത്. ഈ കോളജില്‍ കെമിസ്ട്രി വിഭാഗത്തിന്റെ ഭാഗമാണ് ബയോകെമിസ്ട്രിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ബയോകെമിസ്ട്രിയില്‍ ഡോ.പ്രകാശ് മാത്രമായിരുന്നു അധ്യാപകന്‍. ഒരധ്യാപകന്‍ മാത്രമുള്ള ബയോകെമിസ്ട്രി പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റായി കണക്കാക്കാനാകില്ലെന്ന് പരാതിയില്‍ പറയുന്നു. വകുപ്പ് തലവനായിരുന്നെന്ന അദ്ദേഹത്തിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആക്ഷേപമുണ്ട്.

നേരത്തെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഇക്കാര്യം ബോധിപ്പിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അധ്യാപക കൂട്ടം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കോളേജ് അല്ലെങ്കില്‍ സര്‍വകലാശാല തലത്തില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയവും ഭരണരംഗത്ത് അഞ്ച് വര്‍ഷത്തെ പരിചയവുമാണ് രജിസ്ട്രാര്‍ സ്ഥാനത്തേക്ക് യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത.

രേഖകള്‍ പരിശോധിക്കാന്‍ പ്രോ വൈസ്ചാന്‍സിലറെ ചുമതലപ്പെടുത്തിയെന്ന് എംജി വിസി പ്രതികരിച്ചു.

 

web desk 1: