മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പടക്കവിപണ മാര്‍ക്കറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ 29 പേര്‍ മരിച്ചു. മെക്‌സിക്കന്‍ തലസ്ഥാന നഗരിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ ടുല്‍ടെപെകിലെ സാന്‍ പാബ്ലിറ്റോ പടക്ക വിപണന മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. 29 ആളുകളുടെ മൃതദേഹം കണ്ടെടുത്തതായി മെക്‌സിക്കോ ഗവര്‍ണര്‍ റുവൈല്‍ അവില പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഉഗ്ര ശബ്ദത്തോടെ മാര്‍ക്കറ്റില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശത്ത് ഒന്നാകെ വെടിമരുന്നിന്റെ ഗന്ധം വ്യാപിച്ചതിനാല്‍ ജനജീവിതം ദുസ്സഹമായി. സംഭവത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെന നീറ്റോ അനുശോചിച്ചു.