X

മേവാനിയുടെ അറസ്റ്റും ദലിത് വിരുദ്ധതയും-എഡിറ്റോറിയല്‍

ഇന്ത്യയില്‍ മനുവാദവും ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ സിദ്ധാന്തവുമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നവരാണ് അംബേദ്കറൈറ്റുകളെന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ ദലിത് ആക്ടിവിസ്റ്റുകള്‍. അവരില്‍ പ്രധാനികളാണ് ഉത്തര്‍പ്രദേശിലെ ചന്ദ്രശേഖര്‍ ആസാദ് മുതല്‍ ഗുജറാത്തിലെ ജിഗ്‌നേഷ് മേവാനി വരെയുള്ളവര്‍. ഇതിനിടയിലും ബി.ജെ.പി തങ്ങളുടെ ദലിത്-മുസ്‌ലിം വിരുദ്ധത്തിലധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ അജണ്ടയുമായി ഓരോ ദിനവും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയുമാണ്.

കര്‍ണാടകയില്‍ കഴിഞ്ഞയാഴ്ച രണ്ട് ദലിത് യുവാക്കള്‍ കൊലചെയ്യപ്പെട്ടതും ഉത്തര്‍പ്രദേശില്‍ ദലിത് ബാലനെകൊണ്ട് കാല്‍നക്കിച്ചതുമായ ഹൃദയഭേദകമായ സംഭവങ്ങള്‍ക്കുപിറകെ ഗുജറാത്തില്‍നിന്ന് മറ്റൊരു ദാരുണ സംഭവവും കേട്ടു. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ ഡല്‍ഹിയിലും മധ്യപ്രദേശിലും ഗുജറാത്തിലുമുള്‍പ്പെടെ നെറികേടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് ഗുജറാത്ത് സ്വതന്ത്ര എം.എല്‍.എകൂടിയായ കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ പ്രതികാര നടപടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന അസമില്‍ നിന്നുള്ള പൊലീസാണ് ഗുജറാത്തിലെ പാലന്‍പൂര്‍ പട്ടണത്തില്‍നിന്ന്് ഏപ്രില്‍ 19ന് ജിഗ്‌നേഷിനെ ഒരു മുന്നറിയിപ്പുമില്ലാതെ അറസ്റ്റുചെയ്തത്. ഇതിന് പറഞ്ഞകാരണം പ്രധാനമന്ത്രിക്കെതിരെ ഇദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടുവെന്നതാണ്. അങ്ങനെയെങ്കില്‍ നിത്യേന എത്രപേരെ ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് അറസ്റ്റുചെയ്യേണ്ടിവരും? സര്‍ക്കാരിനും ഭരണാധികാരികള്‍ക്കും, ന്യായാധിപന്മാര്‍ക്കെതിരെപോലും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ഉണ്ടെന്നിരിക്കെ സമൂഹമാധ്യമത്തിലെ സന്ദേശത്തിന്റെ പേരില്‍ 41 കാരനായ ജനപ്രതിനിധിയെ രായ്ക്കുരാമാനം ഒരു സംസ്ഥാനത്തുനിന്ന് എത്രയോ ദൂരെയുള്ള മറ്റൊരു സംസ്ഥാനത്തേക്ക് അറസ്റ്റു ചെയ്തുകൊണ്ടുപോകുക എന്നത് തികച്ചും അസ്വാഭാവികവും അക്ഷന്തവ്യവുമാണ്. അതുകൊണ്ടുതന്നെ അസമിലെ കൊക്രജാര്‍ കോടതി ജിഗ്നേഷിനെ ജാമ്യത്തില്‍വിട്ടയ്ക്കുകയും ചെയ്തു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത, അദ്ദേഹത്തെ വീണ്ടും മറ്റൊരു കാരണം പറഞ്ഞ് കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്തതാണ്.

ഗുജറാത്തില്‍നിന്ന് അറസ്റ്റുചെയ്ത് വിമാനത്തില്‍ കൊണ്ടുപോയി അസമില്‍ പൊലീസ് തടങ്കലില്‍ മൂന്നുരാപ്പകല്‍ താമസിപ്പിച്ച ശേഷമാണ് ഈ നിയമസഭാംഗത്തെ കോടതിയില്‍ ഹാജരാക്കിയതെങ്കിലും അപ്പോഴൊന്നും കേട്ടുകേള്‍വിയില്ലാത്ത കുറ്റമാണ് ആദ്യ കേസിലെ ജാമ്യത്തിന് ശേഷം പൊലീസ് ചുമത്തിയത്. കൊക്രജാറില്‍വെച്ച് ജീപ്പില്‍കൊണ്ടുപോകവെ വനിതാപൊലീസുകാരിലൊരാളോട് ജിഗ്നേഷ് മോശമായി സംസാരിച്ചുവെന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഒരു നിയമസഭാംഗത്തെ ഇത്രയും ദൂരേക്ക് കൊണ്ടുപോകുമ്പോള്‍ വനിതാപൊലീസ് എന്തിനാണ് വാഹനത്തിലുണ്ടായിരുന്നതെന്നോ അവരോട് എന്തുകാരണത്താലാണ് ജിഗ്നേഷ് പ്രകോപിതനായതെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല.

ആദ്യ കേസില്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടും ജാമ്യം ലഭിച്ചതിനാല്‍ പ്രതിയെ തുടര്‍ന്നും കസ്റ്റഡിയില്‍വാങ്ങി തങ്ങളുടെ പ്രതിപക്ഷ വിരുദ്ധതയും ദലിത് വിരോധവും തീര്‍ക്കാനായിരിക്കണം രണ്ടാമതും അറസ്റ്റിന് ബി. ജെ.പിയുടെ പൊലീസ് തയ്യാറായതെന്നുവേണം കരുതാന്‍. ഇതിനുപിന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്ന് കരുതാനിടമില്ലതാനും. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിര്‍വീര്യമാക്കലും ലക്ഷ്യമാണ്. പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അറസ്റ്റിന്് വഴി തുറന്നതെന്നാണ് മേവാനി പറയുന്നത്. അതിനായി അസമിലെ ബി.ജെ.പി നേതാവിന്റെ പേരിലൊരു പരാതി എഴുതിവാങ്ങിയെന്നുമാത്രം.

ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പലേക്കര്‍ പറഞ്ഞതുപോലെ രാജ്യത്തെ ‘അപ്രഖ്യാപിത അടിയന്തിരാവസ്ഥ’യാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ആരെയും എവിടെവെച്ചും അറസ്റ്റുചെയ്ത് രാജ്യത്തിന്റെ മറ്റേതെങ്കിലും മൂലയിലേക്ക് കൊണ്ടുപോയി അടച്ചിടാന്‍ മാത്രമായി ഇന്ത്യന്‍ ജനാധിപത്യം അധ:പതിച്ചുകഴിഞ്ഞുവോ? രോഹിത്‌വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ മാംസവിരുദ്ധതയും ഉന്നാവിലെയും ഹത്രാസിലെയും ദലിത് കുരുതികളും മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റും ആള്‍ക്കൂട്ടക്കൊലകളുമെല്ലാം യാതൊരു പ്രതികരണവുമില്ലാതെ അനസ്യൂതം ആവര്‍ത്തിക്കപ്പെടുമ്പോള്‍ സംഘ്പരിവാറിന്റെ ഈ ജനാധിപത്യക്കശാപ്പിന് ഓശാന പാടുക മാത്രമാണ് ബി.ജെ.പി ഭരണകൂടങ്ങളും ചെയ്യുന്നതെന്നുവേണം ജിഗ്നേഷിനെതിരായ പീഡനത്തെപറ്റിയും കരുതാന്‍. പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ നിയമസഭാംഗത്തിനാണ് ഇത് സഹിക്കേണ്ടിവരുന്നതെങ്കില്‍ പിന്നെ സാധാരണക്കാരുടെ കാര്യമോ!

Chandrika Web: