X
    Categories: CultureMoreViews

വെല്ലുവിളി തിരിഞ്ഞു കുത്തുന്നു; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ജിഗ്നേഷ് മേവാനി

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ നേട്ടങ്ങളെപ്പറ്റി രാഹുല്‍ ഗാന്ധിക്ക് 15 മിനുട്ട് പേപ്പര്‍ നോക്കാതെ സംസാരിക്കാന്‍ കഴിയുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ബൂമറാങ്ങാവുന്നു. മോദിക്ക് സിദ്ധരാമയ്യ വായടപ്പന്‍ മറുപടി നല്‍കിയതിനു പിന്നാലെ ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയും പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നു.

‘മിസ്റ്റര്‍ മോദിയോടുള്ള എന്റെ വെല്ലുവിളി ഇതാണ്. ഈ നാല് വിഷയങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷമായി മോദി എന്തു ചെയ്തുവെന്ന് വെറും നാലു മിനുട്ട് സംസാരിക്കാന്‍ മോദിക്ക് കഴിയുമോ? 1. രണ്ട് കോടി ജോലി 2. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ 3. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍. 4. വിലക്കയറ്റം.’

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ദളിതുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ദളിതുകളെ ഏകോപിപ്പിക്കാന്‍ മുന്നില്‍ നിന്നയാളാണ് ജിഗ്നേഷ് മേവാനി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വഡ്ഗാമില്‍ നിന്ന് മത്സരിച്ച അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു.

ഇതാദ്യമായല്ല നരേന്ദ്ര മോദിക്കെതിരെ മേവാനി രംഗത്തു വരുന്നത്. രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന വാക്കു പാലിക്കാത്ത മോദിക്ക് വാര്‍ധക്യം ബാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം മതിയാക്കി അദ്ദേഹം ഹിമാലയത്തില്‍ പോയി സന്യസിക്കണമെന്നുമുള്ള മേവാനിയുടെ പ്രസ്താവന വിവാദമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: