വിശുദ്ധ റമസാനിലെ ദിനരാത്രങ്ങളില്‍ ശ്രേഷ്ഠമായ ഓര്‍മകള്‍ പങ്കുവെക്കുന്ന അനുഗ്രഹീത ദിനമാണ് ബദ്ര്‍ ദിനം. ചരിത്രത്തിലെ തുല്യതയില്ലാത്ത പ്രതിരോധത്തിന്റെ മഹിത മാതൃക തീര്‍ത്ത ബദ്ര്‍, വര്‍ത്തമാന കാലത്ത് പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഒരു ശരിയുടെ നിലനില്‍പിന് അംഗ ബലവും സായുധ ബലവും അല്ല മറിച്ച് വിശ്വാസ ദൃഢതയും മനോബലവുമുള്ള ഒരു സദ്‌സംഘമാണ് അനിവാര്യം. സര്‍വ്വായുധ വിഭൂഷിതരായ ആയിരത്തില്‍ പരം വരുന്ന യോദ്ധാക്കളോട് മുന്നൂറില്‍ പരം വരുന്ന ചെറുസംഘം ജയിച്ച് വരുന്നത് സത്യവും നീതിയും മാത്രമേ ആത്യന്തികമായി വിജയം വരിക്കുകയുള്ളൂ എന്നതിന്റെ നിദര്‍ശനമാണ്. ധര്‍മവഴിയില്‍ സഞ്ചരിക്കുക എളുപ്പമല്ല. കടുത്ത വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും. ന്യായവും നീതിയും അടിയറവെക്കാതെ പൊരുതുന്നവര്‍ക്കാണ് സമൂഹത്തില്‍ ആദരവുണ്ടാകുക.
തന്റെ വലിയ ശരികള്‍ക്ക് വേണ്ടി പട നയിക്കുമ്പോഴും എതിരാളിയോട് പോലും വിശ്വാസ വഞ്ചന അരുത് എന്ന് പഠിപ്പിക്കുന്ന നീതിബോധത്തിന്റെ പാഠപുസ്തകമാണ് ബദ്ര്‍. നിങ്ങള്‍ വേട്ടയാടപ്പെട്ടേക്കാം, നാട് കടത്തപ്പെട്ടേക്കാം ഒറ്റപെടുത്തിയെന്നും വരാം പക്ഷെ മുകിലുള്ളവന്റെ തണലും കാരുണ്യവും ഉറച്ച് വിശ്വസിക്കുന്നവന്‍ എങ്ങനെ തോല്‍ക്കാനാണ്.
‘ദൈവിക സഹായം ഏറെ അടുത്താണ് ‘ എന്നത് ബദ്‌റിന്റെ രണാങ്കണത്തില്‍ അവരുടെ ഹൃദയാന്തരങ്ങളെ കോള്‍മയിര്‍കൊള്ളിച്ച പ്രവാചക വചനമായിരുന്നു. അക്രമിയായ ഭരണാധികാരിയുടെ അന്യായങ്ങള്‍ക്കും അനീതികള്‍ക്കും ഇരയായി ഞെരിഞ്ഞമരുന്ന ദുര്‍ബലര്‍ക്ക് ഇതില്‍ പരം ആത്മവിശ്വാസം പകരുന്ന മറ്റെന്തുണ്ട്. ഒരു മഹത്തായ ആശയത്തെ നെഞ്ചിലേറ്റാന്‍ ഭാഗ്യമുണ്ടാകുക എന്നതാണ് പ്രധാനം.
അപ്പോള്‍ അതിനു വേണ്ടി നിരന്തരം ത്യാഗം ചെയ്യുകയെന്നത് ആവേശമായി മാറും. അവര്‍ കാലമെത്ര കഴിഞ്ഞാലും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും. ബദ്ര്‍ കേവലം അനുസ്മരണമല്ല, ഒരുപോലെ ദൈവത്തിനു നമ്മെയും നമുക്ക് ദൈവത്തെയും തൃപ്തിയോടെ വരവേല്‍ക്കാന്‍ കഴിയും വിധം ജീവിക്കുവാനുള്ള പ്രചോദനമാണ്. പ്രതിസന്ധികള്‍ താണ്ടിക്കടന്നുകൊണ്ടെല്ലാതെ ഒരു സത്യവും കാലത്തെ അതിജീവിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണ്.ഇനിയുള്ള കാലത്തെ യുദ്ധം ധര്‍മ്മ സമരമാണ്. സ്വജീവിതത്തില്‍ സത്യവും ധര്‍മ്മവും പ്രതിഫലിക്കും വിധം ജീവിതത്തെ ചിട്ടപ്പെടുത്താനുള്ള ധര്‍മ്മ സമരം. അരുതാത്തത് കാണുമ്പോഴും കേള്‍ക്കുമ്പോഴും നിരുല്‍സാഹപ്പെടുത്താനും മനസ്സ് കൊണ്ട് വെറുത്ത് മാറി നില്‍ക്കാനുമുള്ള ഉശിര് പ്രകടമാക്കുന്ന ധര്‍മ്മ സമരം.